Advertisement

കൊവിഡ് വാക്‌സിനേഷന്‍; 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന് വിപുലമായ സംവിധാനങ്ങള്‍ ഒരുങ്ങി

March 27, 2021
Google News 0 minutes Read

ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ സൗകര്യം ലഭ്യമാണ്. 45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുത്. മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വിഭാഗത്തിലെ എല്ലാവരും കൊവിഡ് വാക്സിന്‍ സ്വീകരിക്കേണ്ടത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ അത്യാവശ്യമാണ്.

മാര്‍ച്ച് 23 ന് പ്രസിദ്ധീകരിച്ച സീറോ സര്‍വൈലന്‍സ് പഠന റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 89.3 ശതമാനം ആളുകള്‍ കൊവിഡ് രോഗബാധ ഇതുവരെ ഉണ്ടാകാത്തവരാണ്. കേരളത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത ഒരു വര്‍ഷത്തിന് ശേഷവും 10.7 ശതമാനം ആളുകള്‍ക്ക് മാത്രമേ രോഗബാധ ഉണ്ടായിട്ടുള്ളൂ എന്നത് രോഗപ്രതിരോധത്തില്‍ വളരെ പ്രധാനമായ കാര്യമാണ്. എന്നാല്‍ 89.3 ശതമാനം ആളുകള്‍ക്ക് രോഗബാധ ഇനിയും ഉണ്ടാകുവാന്‍ ഇടയുളളതിനാല്‍ കൊവിഡ് മഹാമാരി തുടരുവാനും രോഗവ്യാപനത്തിന്റെ പുതിയ തരംഗങ്ങള്‍ ഉണ്ടാകുവാനുമുള്ള സാധ്യതയുണ്ട്.

സംസ്ഥാനത്ത് നടപ്പിലാക്കിയ റിവേഴ്സ് ക്വാറന്റീന്‍ നടപടികളാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളിലെ കുറഞ്ഞ സീറോ പ്രിവലന്‍സ് നിരക്കിന് കുറയാന്‍ കാരണം. കുറഞ്ഞ രോഗബാധാ നിരക്ക് സംസ്ഥാനത്ത് തുടര്‍ന്നും നിലനിര്‍ത്തണമെങ്കില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി മുന്‍ഗണനാ ക്രമമനുസരിച്ച് വാക്സിന്‍ സ്വീകരിക്കേണ്ടവര്‍ വാക്സിന്‍ സ്വീകരിക്കണം. ലോകരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് രോഗബാധ വലിയ തോതില്‍ കൂടുകയുണ്ടായി. അതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മുമ്പായി 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്സിന്‍ എടുത്തു എന്ന് ഉറപ്പാക്കേണ്ടതാണ്.

ജനിതക വ്യതിയാനം വന്നിട്ടുള്ള വ്യാപനശേഷി കൂടുതലുള്ളതോ രോഗതീവ്രതയും മരണവും കൂട്ടുന്നതോ രോഗപ്രതിരോധ ശേഷിയെ മറികടക്കുന്നതോ ആയ വൈറസുകളുടെ സാന്നിദ്ധ്യം കൂടി കണക്കിലെടുത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്സിന്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here