ജനഹൃദയങ്ങളില്‍ നമ്പര്‍ ‘വണ്‍’ ആയി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍

ആരും ആഗ്രഹിച്ചുപോകുന്ന ഒരു മുഖ്യമന്ത്രി. മമ്മൂട്ടി അനശ്വരമാക്കിയ കടക്കല്‍ ചന്ദ്രനെ ഒരു വാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരു രാഷ്ട്രിയ ചിത്രമായി വണ്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. അധികാര ദുര്‍വിനിയോഗം എന്ന വാക്ക് ചിരിപരിചിതമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു ജനനേതാവാകുകയാണ് കടക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രി.
നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമ്പോഴും ജനങ്ങളാണ് നമ്പര്‍ വണ്‍ എന്ന് ഹൃദയത്തിലുറപ്പിച്ച് ഇറങ്ങിത്തിരിച്ച മുഖ്യമന്ത്രിയുടെ കഥയാണ് ചിത്രം പറയുന്നത്. ഒപ്പം തന്നെ രാഷ്ട്രീയത്തിന്റെ പല അവസ്ഥാന്തരങ്ങളേയും തുറന്നുകാട്ടുന്നുമുണ്ട് ചിത്രം. പ്രഖ്യാപനം മുതല്‍ പ്രേക്ഷകരും ഏറ്റെടുത്തതാണ് ചിത്രത്തെ. വണ്‍ എന്ന സിനിമയെ മികച്ച ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നു തന്നെ വിശേഷിപ്പിക്കാം.
‘കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്, കടക്കല്‍ ചന്ദ്രന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്’ എന്ന മാസ് ഡയലോഗ് തിയേറ്ററുകളില്‍ കൈയടി നിറച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മികച്ചൊരു മുഖ്യമന്ത്രിയാവുകയാണ് ചിത്രത്തില്‍ മമ്മൂട്ടി. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഒരു സാധാരണക്കാരനായ മുഖ്യമന്ത്രി. അഹങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും വെച്ച് അപഹരിക്കപ്പെടാതെയാണ് കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി എന്ന അതുല്യനടന്‍ പരിപൂര്‍ണതയിലെത്തിച്ചത്.
സന്തോഷ് വിശ്വനാഥനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അതേസമയം ലേണിങ് ആപ്ലിക്കേഷനായ സൈലം ( XYLEM) ആണ് ചിത്രത്തിന്റെ എഡ്യുക്കേഷ്ണല്‍ പാര്‍ട്ണര്‍. ബോബി- സഞ്ജയ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിന്റെ തിരക്കഥയും സിനമയുടെ മാറ്റുകൂട്ടുന്നു. വൈദി സോമസുന്ദരം ക്യാമറയില്‍ പകര്‍ത്തിയ മികവുള്ള ദൃശ്യങ്ങളും നിഷാദിന്റെ ചിത്രസംയോജനവുമെല്ലാം നൂറ് ശതമാനം നീതി പുലര്‍ത്തി.
മികച്ച ഒരു രാഷ്ട്രീയ ചിത്രം എന്നതിനുമപ്പുറം ചില വൈകാരിക നിമിഷങ്ങളിലൂടേയും ചിത്രം സഞ്ചരിക്കുന്നുണ്ട്. വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഓരോ താരങ്ങളും അഭിനയ മികവുകൊണ്ട് കഥാപാത്രങ്ങളെ പരിപൂര്‍ണതയിലെത്തിക്കുന്നു. പ്രതിപക്ഷ നേതാവായി എത്തിയ മുരളി ഗോപി, നിമിഷ സജയന്‍, സലീം കുമാര്‍, സിദ്ദിഖ്, ഇഷാനി, മാത്യൂസ്, മാമുക്കോയ, അബു സലീം, നിശാന്ത് സാഗര്‍, ശങ്കര്‍ രാമകൃഷ്ണന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, വിവേക് ഗോപന്‍, നേഹ റോസ്, അലന്‍സിയര്‍, ജഗദീഷ്, ബാലചന്ദ്ര മേനോന്‍, സുധേവ് നായര്‍ തുടങ്ങി താരങ്ങളെല്ലാം ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങള്‍ തിയേറ്ററുകളില്‍ കൈയടി നേടുന്നു.
Story highlights: One Movie Review
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here