ഇരട്ടവോട്ടിന്റെ പൂര്‍ണവിവരം ഇന്ന് രാത്രി ഒന്‍പതിന് പുറത്തുവിടും: രമേശ് ചെന്നിത്തല

ഇരട്ടവോട്ടിന്റെ പൂര്‍ണവിവരങ്ങള്‍ ഇന്ന് രാത്രി ഒന്‍പതിന് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലുലക്ഷത്തി മുപ്പത്തിനാലായിരം വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ പുറത്തുവിടും. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാകും വിവരങ്ങള്‍ പുറത്തുവിടുക. ഇക്കാര്യം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പരിശോധിക്കാവുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ട്. കേരളത്തിലെ വോട്ടര്‍പട്ടിക അബദ്ധ പഞ്ചാംഗമാണെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ 68,000 വോട്ടുകള്‍ മാത്രമെന്ന് പറഞ്ഞത് ശരിയല്ല. അവര്‍ വേണ്ടരീതിയില്‍ പരിശോധിച്ചിട്ടില്ല. പല ബൂത്തുകളിലായിട്ടാണ് വോട്ടുകള്‍ കിടക്കുന്നത്. അത് കണ്ടുപിടിക്കാന്‍ ഒരു ബിഎല്‍ഒ വിചാരിച്ചാല്‍ നടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, ഇരട്ടവോട്ടില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് സുപ്രധാന വിധിയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. ഇരട്ട വോട്ട് ഉള്ളവര്‍ ഒറ്റ വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശം കോടതി അംഗീകരിച്ചു. ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കാം. കയ്യിലെ മഷി മായ്ച്ചു കളയുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here