ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (02-04-2021)

നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി പ്രിയങ്കാ ഗാന്ധി
നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി പ്രിയങ്കാ ഗാന്ധി. കൊവിഡ് നിരീക്ഷണത്തിലായതിനാലാണ് പ്രചാരണം റദ്ദാക്കിയത്. പകരം രാഹുല്‍ ഗാന്ധിയെ മണ്ഡലത്തിലെത്തിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.
വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്ക് അയച്ചു. ബിഹാര്‍ സിഇഒ എച്ച്.ആര്‍. ശ്രീനിവാസയും ഐടി വിദഗ്ധരുടെ സംഘവുമാണ് കേരളത്തില്‍ എത്തിയത്. ഒരു സംസ്ഥാനത്തെ സിഇഒ മറ്റൊരു സംസ്ഥാനത്ത് നിരീക്ഷകനായി എത്തുന്നത് അസാധാരണ നടപടിയാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഥയറിയാതെ ആട്ടമാടുകയാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. അദാനിയുമായി കെഎസ്ഇബി കരാറില്‍ ഏര്‍പ്പെട്ടെന്ന ആരോപണം തെറ്റ്. സ്വകാര്യ ഏജന്‍സികളുമായി കെഎസ്ഇബി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. സംസ്ഥാന സര്‍ക്കാരിന് വൈദ്യുതി നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയാണെന്നും മന്ത്രി എം.എം. മണി വ്യക്തമാക്കി.
അസമില്‍ വോട്ടിംഗ് മെഷീനുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് നടപടി.
ഇഡിക്കെതിരായ കേസ്; സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
ഇഡിക്കെതിരായ കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
മുഖ്യമന്ത്രിയുമായി അദാനി രഹസ്യ കൂടിക്കാഴ്ച നടത്തി: മുല്ലപ്പള്ളി രാമചന്ദ്രന്‍
മുഖ്യമന്ത്രിയുമായി അദാനി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂരില്‍ വച്ച് നടന്ന രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷണം വേണം. ആഭ്യന്തര മന്ത്രി അമിത് ഷായെ ഇടനിലക്കാരനാക്കി നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കിയ കരാര്‍ രൂപപ്പെട്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കെഎസ്ഇബിയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് നേരത്തെ കരുതിവച്ച ബോംബ് ഇതാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. വൈദ്യുതി ബോര്‍ഡിന്റെ എല്ലാ കരാറുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ ബോംബ് ചീറ്റിപ്പോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇവിഎം; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്
അസാമിലെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്റെ കാറില്‍ നിന്നും ഇന്നലെ രാത്രി ഇവിഎമ്മുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ആരോപണം.
ട്രെയിനില്‍ കന്യാസ്ത്രികളെ ആക്രമിച്ച സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍
ഝാന്‍സിയില്‍ ട്രെയിനില്‍ കന്യാസ്ത്രികളെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അന്‍ജല്‍ അന്‍ജാരിയ, പര്‍ഗേഷ് അമാരിയ എന്നിവരാണ് അറസ്റ്റിലായത്. ഹിന്ദു ജാഗരണ്‍ മഞ്ച് സെക്രട്ടറിയാണ് പര്‍ഗേഷ്, അന്‍ജല്‍ അന്‍ജാരിയ സംഘടനയുടെ അധ്യക്ഷനുമാണ്.
പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു
പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു. പാലക്കാട് തച്ചംപാറ ദേശീയപാതയിലാണ് സംഭവം. പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ചരക്കുലോറി പൂർണമായും കത്തിനശിച്ചു. അപകട കാരണത്തെപ്പറ്റി ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാവാമെന്നാണ് പ്രാധമിക നിഗമനം. ഗ്യാസ് ടാങ്കറിലേക്ക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Story Highlights: todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here