ഐപിഎൽ ടീം അവലോകനം; മുംബൈ ഇന്ത്യൻസ്

ഐപിഎലിലെ ഏറ്റവും ശക്തരായ ടീമുകളിൽ പെട്ട ഒരു ടീം. ലോകത്തിലെ ഏറ്റവും മികച്ച ഐപിഎൽ ടീമെന്ന് ക്രിക്കറ്റ് പണ്ഡിറ്റുകൾ വിലയിരുത്തിയ ടീം. മികച്ച താരങ്ങളും ഒന്നാംതരം സ്കൗട്ടിംഗ് സ്ക്വാഡും വളരെ എക്സ്പീരിയൻസ്ഡ് ആയ സപ്പോർട്ട് സ്റ്റാഫും ഉൾപ്പെട്ട ടീം. അതിനെ ന്യായീകരിക്കുന്ന തരത്തിൽ കഴിഞ്ഞ രണ്ട് സീസണിലെയും ചാമ്പ്യന്മാർ. ഹാട്രിക്ക് കിരീടത്തിനായാണ് മുംബൈ ഇക്കൊല്ലം എത്തുന്നത്. ചില മികച്ച താരങ്ങളെയും മുംബൈ ടീമിലെത്തിച്ചു. കോർ ടീമിനെ നിലനിർത്തിയതിനാൽ പകരക്കാരാണ് കൂടുതലായും ടീമിലെത്തിയത്. ലേലം കൊണ്ട താരങ്ങൾ ഫൈനൽ ഇലവനിൽ കളിക്കണമെങ്കിൽ അല്പം ബുദ്ധിമുട്ടും.
ആദം മിൽനെ, നഥാൻ കോൾട്ടർനൈൽ, പീയുഷ് ചൗള, ജെയിംസ് നീഷം, യുധ്‌വിർ ചറാക്, മാർക്കോ ജെൻസൺ, അർജുൻ തെണ്ടുൽക്കർ എന്നിവരാണ് ഇക്കൊല്ലം മുംബൈയിൽ എത്തിയത്. മിൽനെ മികച്ച ഒരു ബൗളറാണ്. രാജ്യാന്തര ടി-20കളിൽ അദ്ദേഹം നല്ല പ്രകടനങ്ങൾ നടത്തിയിട്ടുമുണ്ട്. ഐപിഎലിലെ പ്രകടനങ്ങൾ അത്ര ആശാവഹമല്ല. അവസാനമായി മിൽനെ ഐപിഎൽ കളിച്ചത് 2017ലാണ്. അതുകൊണ്ട് തന്നെ ട്രെയിനിംഗിലെ പ്രകടനത്തിന് അനുസരിച്ചേ മിൽനെ ഫൈനലിൽ ഇലവനിൽ കളിക്കൂ.
ജെയിംസ് നീഷവും വളരെ മികച്ച താരമാണ്. ത്രീഡി പ്ലയർ. ഐപിഎലിൽ കിട്ടിയ അവസരങ്ങൾ മുതലെടുക്കാനായില്ല. എന്നാൽ, രാജ്യാന്തര ടി-20കളിൽ നീഷം നല്ല പ്രകടനങ്ങൾ നടത്തിയിട്ടുമുണ്ട്. ഫൈനൽ ഇലവനിൽ കളിക്കാനിടയുള്ള താരമാണ്. നഥാൻ കോൾട്ടർനൈൽ മുൻപ് മുംബൈക്കായി തന്നെ കളിച്ച താരമാണ്. മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുമുണ്ട്.
ക്രിക്കറ്റ് സർക്കിളിൽ ഈയിടെയായി കേൾക്കുന്ന പേരാണ് മാർക്കോ ജെൻസൺ. ആറടി എട്ടിഞ്ച് ഉയരമുള്ള ഈ ദക്ഷിണാഫ്രിക്കൻ അൺകാപ്പ്ഡ് താരം ഒരുപക്ഷേ, ഇക്കൊല്ലത്തെ സർപ്രൈസ് താരമാവും. 20കാരനായ ജെൻസൺ തങ്ങളുടെ റഡാറിൽ ഉള്ള താരമായിരുന്നു എന്ന് മുംബൈ മാനേജ്മെൻ്റും വ്യക്തമാക്കിയ സാഹചര്യത്തിൽ താരം അവസാന ഇലവനിൽ കളിച്ചേക്കാം.
യുദ്ധ്‌വിർ ചറാകിനെപ്പറ്റി കൂടുതലൊന്നും അറിയില്ല. എന്താണ് അദ്ദേഹത്തിനു സാധിക്കുന്നതെന്ന് ഇനി കണ്ടറിയണം.
32കാരനായ പീയുഷ് ചൗളയും 21കാരനായ അർജുൻ തെണ്ടുൽക്കറും മുംബൈ ലേലം കൊണ്ടത് അത്ഭുതപ്പെടുത്തുന്നതാണ്. കരിയർ ഏറെക്കുറെ അവസാനിച്ച ചൗളയും കരിയറിൽ ഇതുവരെ ബ്രേക്കിംഗ് ആയുള്ള പ്രകടനം നടത്താൻ കഴിയാതിരുന്ന അർജുനും എങ്ങനെ ടീമിലെത്തി എന്നതാണ് അതിശയം. സച്ചിൻ്റെ മകനെന്ന പ്രിവിലേജാണ് അർജുന് ടീമിലേക്കുള്ള എൻട്രി നൽകിയതെന്നുറപ്പ്.
ആദ്യ മത്സരങ്ങളിലെ സാധ്യതാ ഇലവൻ:
ക്വിൻ്റൺ ഡികോക്ക്
രോഹിത് ശർമ്മ
സൂര്യകുമാർ യാദവ്
ഇഷാൻ കിഷൻ
കീറോൺ പൊള്ളാർഡ്
ഹർദ്ദിക് പാണ്ഡ്യ
കൃണാൽ പാണ്ഡ്യ
നഥാൻ കോൾട്ടർനൈൽ/ആദം മിൽനെ/മാർക്കോ ജെൻസൺ
ട്രെൻ്റ് ബോൾട്ട്
രാഹുൽ ചഹാർ
ജസ്പ്രീത് ബുംറ
Story Highlights: ipl team analysis mumbai indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here