ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ലെന്ന് എഎം ആരിഫ്; മറുപടി നൽകി അരിത ബാബു

കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എഎം ആരിഫ് എംപി. പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്നായിരുന്നു ആരിഫിന്റെ പരിഹാസം. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കിൽ അത് നേരത്തെ പറയണമെന്നും ആരിഫ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന എൽഡിഎഫ് വനിതാ സംഗമത്തിലായിരുന്നു പരിഹാസം.
ക്ഷീരകർഷകയായ അരിത ബാബുവിന് ഇതിന് മുൻപും തന്റെ തൊഴിലിന്റെ പേരിൽ പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സ്ഥാനാർത്ഥി തന്നെ ട്വന്റിഫോറിനോട് വ്യക്തമാക്കി. ‘അഞ്ച് വർഷം മുൻപ് പാൽകാരിയായി തന്നെയാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്. അല്ലാതെ ക്ഷീര സംഘത്തിന്റെ തെരഞ്ഞെടുപ്പിലേക്ക് അല്ലായിരുന്നു’- അരിത ബാബു മറുപടിയായി ട്വന്റിഫോറിനോട് പറഞ്ഞു.
കഷ്ടപ്പെടുന്നവരെ അധിക്ഷേപിക്കുന്ന രീതിയാണ് സിപിഐഎമ്മിനെങ്കിൽ കോൺഗ്രസിന് കഷ്ടപ്പെടുന്നവരേയും സാധാരണക്കാരേയും അംഗീകരിക്കുന്ന രീതിയാണെന്നും അരിത ബാബു കൂട്ടിച്ചേർത്തു. ‘ഞാൻ ഒരു ക്ഷീരകർഷകന്റെ മകളാണ്. അതിൽ അഭിമാനമാണ്’.
വിഷയത്തിൽ നടപടി സ്വീകരിക്കുന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കും. താൻ പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും അരിത ബാബു പറഞ്ഞു.
Story Highlights: aritha babu reply to am arif
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here