Advertisement

7 കടകൾക്ക് തീയിട്ട് അഹ്മദാബാദിൽ പുതിയ തീവ്രവാദ സംഘം; 3 പേർ അറസ്റ്റിൽ

April 7, 2021
2 minutes Read
terror module Ahmedabad arrested

അഹ്മദാബാദിൽ പുതിയ തീവ്രവാദ സംഘം. പാകിസ്താനിലെ ഇൻ്റർ-സർവീസ് ഇൻ്റലിജൻസ് എന്ന ഭീകരവാദ സംഘടനയുടെ നിർദ്ദേശ പ്രകാരം ഇവർ ഏഴ് കടകൾക്ക് തീവച്ചു. അഹ്മദാബാദിലെ കാലുപൂർ പ്രദേശത്ത് കടകൾക്ക് തീയിട്ട സംഭവത്തിൽ മൂന്ന് പേരെ അഹ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.

ഭൂപേന്ദ്ര എന്ന പ്രവീൺ വൻസാര, അനിൽ ഖട്ടീക്, അങ്കിത് പാൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാലുപൂരിലെ റേവഡി മാർക്കറ്റ് പ്രദേശത്തുള്ള എഎംഎ ധർമശാല, എകെ ഷാ ബിൽഡിംഗ് കോംപ്ലക്സ് എന്നിവിടങ്ങളിലെ കടകളാണ് ഇവർ അഗ്നിക്കിരയാക്കിയത്. മാർച്ച് 20നായിരുന്നു സംഭവം. സംഭവത്തിൽ ആർക്കും പരുക്കില്ല. എന്നാൽ, 54 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.

“അന്വേഷണത്തിൽ, പാകിസ്താനിലെ തീവ്രവാദ സംഘടന പണം നൽകി ഇന്ത്യക്കാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമായി. കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പങ്കായ മൂന്നു പേരെ ഞങ്ങൾ അറസ്റ്റ് ചെയ്തു. അവരെ ചോദ്യം ചെയ്തുകഴിഞ്ഞു. 2020 മാർച്ചിൽ ബാബ പത്താൻ എന്നയാളെ ഫേസ്ബുക്കിൽ പരിചയപ്പെട്ടു എന്ന് ഭൂപേന്ദ്ര പറഞ്ഞു. അഹ്മദാബാദിൽ അക്രമം നടത്താനും ഏതെങ്കിലും എതിരാളിയെ കൊലപ്പെടുത്താനും പണം നൽകാമെന്ന് ഇയാൾ ഭൂപേന്ദ്രയെ അറിയിച്ചു. ആയുധം വാങ്ങാനുള്ള അഡ്വാൻസ് ആയി പേടിഎം വഴി ഇയാൾ 25,000 രൂപ നൽകുകയും ചെയ്തു.”- അഹ്മദാബാദ് പൊലീസ് സ്പെഷ്യൽ കമ്മീഷണർ പ്രേംവീർ സിംഗ് അറിയിച്ചു.

താൻ ഈ പണം കുൽദീപ് ജൻഗാദ് എന്ന സുഹൃത്തിനു നൽകിയെന്നും പിസ്റ്റൾ വാങ്ങാൻ മധ്യപ്രദേശിലെ ഇൻഡോറിലെത്തിയെന്നും ഭൂപേന്ദ്ര പറഞ്ഞു. ആയുധവുമായി കുൽദീപ് പിടിയിലായി. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പിന്നീട് ബാബ പത്താൻ വീണ്ടും ഭൂപേന്ദ്രയെ ബന്ധപ്പെടുകയും കടകൾക്ക് തീയിട്ടാൽ ഒന്നര ലക്ഷം രൂപ നൽകാമെന്ന് അറിയിക്കുകയും ചെയ്തു. പിന്നീടാണ് ഇയാൾ മറ്റ് മൂന്നു പേർക്കൊപ്പം ഏഴ് കടകൾ അഗ്നിക്കിരയാക്കിയത്. സംഭവത്തിനു ശേഷം ഭൂപേന്ദ്രക്ക് ഇയാൾ പറഞ്ഞ തുക നൽകുകയും ചെയ്തു.

Story Highlights: ISI-linked new terror module busted in Ahmedabad, three arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top