തലച്ചോറിൽ ചിപ്പുകൾ ഘടിപ്പിച്ച കുരങ്ങ് ഗെയിം കളിക്കുന്നു; പുതിയ പരീക്ഷണത്തിന്റെ വീഡിയോ പുറത്തുവിട്ട് ഇലോൺ മസ്കിന്റെ സ്റ്റാർട്ട് അപ്പായ ന്യുറലിങ്ക്

തലച്ചോറിൽ ചിപ്പുകൾ ഘടിപ്പിച്ച കുരങ്ങ് ഗെയിം കളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇലോൺ മസ്കിന്റെ സ്റ്റാർട്ട് അപ്പായ ന്യുറലിങ്ക്. പേജർ എന്ന് വിളിക്കുന്ന കുരങ്ങ് വീഡിയോ ഗെയിം കളിക്കുന്നതിനിടെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. മൈൻഡ് പോങ് എന്ന ലളിതമായ വീഡിയോ ഗെയിമിലെ ഓരോ നീക്കവും ചിന്തിച്ചുറപ്പിച്ചാണ് പേജർ നടത്തുന്നത്.
ശരീരം തളർന്നു കിടക്കുന്നവർക്ക് വിരലുകളേക്കാൾ വേഗത്തിൽ സ്മാർട്ട് ഡിവൈസുകൾ ചിന്തകൾ കൊണ്ട് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ഉപകരണമായിരിക്കും ന്യുറലിങ്ക് ആദ്യമായി പുറത്തിറക്കുകയെന്ന് ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. മുന്നിലെ സ്‌ക്രീനിൽ കാണുന്ന മഞ്ഞ ചതുരത്തിലേക്ക് ജോയ്‌സ്‌റ്റിക്ക് ഉപയോഗിച്ച് തൊടുകയാണ് കുരങ്ങ് ചെയ്തത്. പേജർ എന്ന കുരങ്ങിന്റെ കാര്യത്തിൽ തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ രണ്ടായിരത്തോളം ഇലക്ട്രോഡുകൾ വഴി ശേഖരിക്കുകയും ഇത് കൈകളുടെ ചലനത്തെ ഏകോപിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് ന്യുറലിങ്ക് വിഡിയോയിൽ പറയുന്നത്. ജോയ്സ്റ്റിക്ക് ഉപയോഗിക്കുമ്പോഴുള്ള സിരകളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കുരങ്ങിനെ ഉപയോഗിച്ചുള്ള പരീക്ഷണത്തിൽ നിന്നും ലഭിക്കുമെന്നാണ് ന്യുറലിങ്കിലെ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.
2016 ലാണ് ഇലോൺ മസ്‌ക് ന്യുറോലിങ്ക് എന്ന സ്റ്റാർട്ട് അപ്പ് ആരംഭിക്കുന്നത്. മറവി രോഗം ബാധിച്ചവരെയും ശരീരം തളർന്നു കിടക്കുന്നവരുടേയുമെല്ലാം തലച്ചോറിന്റെ പ്രവർത്തനങ്ങളെ കമ്പ്യൂട്ടർ ചിപ്പുകൾ ഉപയോഗിച്ച് ശരീരത്തെ നിയന്ത്രിക്കാൻ പ്രാപ്തരാക്കുകയാണ് ന്യുറോലിങ്കിന്റെ ലക്ഷ്യം. കുരങ്ങിന്റെ പരീക്ഷണം വിജയിച്ചാൽ വൈകാതെ തന്നെ മനുഷ്യനിലും ഈ പരീക്ഷണം നടത്തിയേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ.
Story Highlights: Elon Musk’s Neuralink shows Monkey Playing Game Pong with Mind
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here