ഈ കഥ ഒരാളുടേയെങ്കിലും സ്വപ്‌നങ്ങൾക്ക് വളമാകുമെങ്കിൽ അതാണ് എന്റെ വിജയം; കുടിലിൽ നിന്ന് ഐഐഎമ്മിലേക്കുള്ള വിജയഗാഥ

അതിജീവനത്തിന്റെ കഥകൾ തകർന്ന് നിൽക്കുന്ന മനുഷ്യർക്ക് സമ്മാനിക്കുന്ന പ്രത്യാശ ചെറുതല്ല. അതുകൊണ്ടാണ് അത്തരം കഥകൾക്ക് വായനക്കാരേറുന്നത്…ചർച്ചയാകുന്നത്…അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായതും സമാന കഥയാണ്. ജീവിതസാഹചര്യങ്ങളോട് പൊരുതി ഐഐഎം എന്ന വലിയ ലോകത്തെത്തിയ ഒരു ചെറുപ്പക്കാരന്റെ കഥ.
രഞ്ജിത്ത് എന്ന കാസർഡോഗ് സ്വദേശിയാണ് കഥയിലെ നായകൻ. രഞ്ജിത്ത് എന്ന ഐഐഎം അസിസ്റ്റന്റ് പ്രൊഫസർ തന്നെ ട്വന്റിഫോറിനോട് തന്റെ കഥ പറഞ്ഞു. അതിങ്ങനെ :
‘ഹയർ സെക്കന്ററിക്ക് തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്നു….. എന്നാലും എന്റെ ചുറ്റുപ്പാടിന്റെ സമർദ്ദം മൂലം പഠനം നിർത്താമെന്നു കരുതിയതാണ്…. എന്തോ ഭാഗ്യം കൊണ്ട് അതെ സമയം പാണത്തൂർ ടെലിഫോൺ എക്‌സ്‌ചേഞ്ചിൽ രാത്രിക്കാല സെക്യൂരിറ്റി ആയി ജോലി കിട്ടി, പകൽ പഠിക്കാനുള്ള സമയവും. അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു…. അത് ചെയ്യണം ഇത് ചെയ്യണം എന്നു അച്ഛനോ അമ്മയോ പറഞ്ഞു തന്നില്ല, പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല…… ഒഴുക്കിപ്പെട്ട അവസ്ഥ ആയിരുന്നു, പക്ഷെ നീന്തി ഞാൻ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു…. സെന്റ് പയസ് എന്നെ വേദികളിൽ സംസാരിക്കാൻ പഠിപ്പിച്ചു, സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫഅ കേരള കാസർകോടിന് പുറത്തൊരു ലോകമുണ്ടെന്നു പറഞ്ഞു തന്നു. അങ്ങനെയാണ് ഐഐടി മദ്രാസിന്റെ വല്ല്യ ലോകത്തു എത്തിയത്. പക്ഷെ അതൊരു വിചിത്ര ലോകമായിരുന്നു, ആദ്യമായിട്ട് ആൾക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി, ഇവിടെ പിടിച്ചു നിൽക്കാൻ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു. മലയാളം മാത്രം സംസാരിച്ചു ശീലിച്ച എനിക്ക് സംസാരിക്കാൻ പോലും ഭയമായിരുന്നു….. ഇതെന്റെ വഴിയല്ല എന്നു തോന്നി പിഎച്ച്ഡി പാതിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷെ എന്റെ ഴൗശറല (ഡോ.സുഭാഷ്) ആ തീരുമാനം തെറ്റാണു എന്നു എന്നെ ബോധ്യപെടുത്തി, തോറ്റു പിന്മാറും മുൻപ് ഒന്ന് പോരാടാൻ പറഞ്ഞു. തോറ്റു തുടങ്ങി എന്നു തോന്നിയ എനിക്ക് അന്ന് മുതൽ ജയിക്കണമെന്ന വാശി വന്നു. പാണത്തൂർ എന്ന മലയോര മേഖലയിൽ നിന്നുമാണ് എന്റെ യാത്രകളുടെ തുടക്കം…. വിത്തെറിഞ്ഞാൽ പൊന്നു വിളയുന്ന ആ മണ്ണിൽ വിദ്യ പാകിയാലും നൂറു മേനി കൊയ്യാനാകും എന്നു ഞാനും വിശ്വസിച്ചു തുടങ്ങി.
ഈ കുടിലിൽ (സ്വർഗത്തിൽ) നിന്നും ഐഐഎം റാഞ്ചിയിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു, എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു, ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു.
എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരും മുൻപ് വാടി പോയ ഒരുപ്പാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്നസാക്ഷത്ക്കാരത്തിന്റെ കഥകൾ ഉണ്ടാകണം. ഒരുപക്ഷെ തലയ്ക്കു മുകളിൽ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്നം കാണുക….. ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരാത്തെത്താം…. ‘
ഫേസ്ബുക്കിൽ തന്റെ കഥ പോസ്റ്റ് ചെയ്യുമ്പോൾ അത് ഇത്രയധികം ചർച്ചയാകുമെന്ന് കരുതിയില്ലെന്ന് രഞ്ജിത്ത് ട്വന്റിഫോറിനോട് പറഞ്ഞു. ഈ കഥ വായിച്ച് ആർക്കെങ്കിലും പ്രചോദനമാണെങ്കിൽ ആകട്ടെയെന്ന് കരുതിയാണ് എഴുതിയതെന്ന് രഞ്ജിത്ത് പറഞ്ഞു. സ്വപ്‌നങ്ങൾക്ക് വേണ്ടി എന്നും പോരാടണമെന്നും രഞ്ജിത്ത് പറയുന്നു.
രഞ്ജിത്തിന്റെ അച്ഛന് ടെയ്‌ലറിംഗ് ജോലിയാണ്. അമ്മ ആദ്യ ബീഡി തെറുപ്പിന് പോകുമായിരുന്നു. ഇപ്പോൾ തൊഴിലുറപ്പിന് പോകുന്നു. മകൻ ഉയരങ്ങൾ താണ്ടിയതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചു കുടുംബം. എന്നാൽ ആർഭാട ജീവനതമോ ആഢംബരങ്ങളോ വേണമെന്ന് ഇവർ ആഗ്രഹിക്കുന്നില്ല. ഇപ്പോഴത്തേത് പോലെ സാധാരണജീവിതം നയിക്കാൻ സാധിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.
Story Highlights: from hut to IIM Ranjith lifestory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here