ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയ എല്ലാ വാക്സിനുകളും ഉപയോഗിക്കാൻ അനുമതി; നിർണായക നീക്കവുമായി കേന്ദ്രം

രാജ്യത്തെ വാക്സിൻ ക്ഷാമം പരിഹരിക്കാൻ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയ എല്ലാ വാക്സിനുകളും അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകാനാണ് തീരുമാനം. കൂടാതെ വിദേശ വാക്സിനുകൾക്ക് അനുമതി നൽകുന്ന മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തി.
സ്പുട്ണിക്ക് ഫൈവ് വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അന്തിമാനുമതി നൽകിയത് രാജ്യത്തെ കൊവിഡ് പോരാട്ടത്തിന് ആത്മവിശ്വാസം നൽകുന്നതാണ്. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഹൈദരബാദിലെ ഡോക്ടർ റെഡീസ് ഫാർമ അടക്കം 5 ഇന്ത്യൻ കമ്പനികളുമായി ചേർന്ന് പ്രതിമാസം 850 മില്യൻ ഡോസ് നിർമ്മിക്കുമെന്നാണ് അവകാശവാദം. ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ആദ്യ കൊവിഡ് വാക്സിനായ സ്പുട്നിക് മെയ് മുതൽ വിതരണം ആരംഭിക്കും. ഇതിനു പുറമെയാണ് കൂടുതൽ വിദേശ വാക്സിനുകൾക്ക് ഉടൻ അനുമതി നൽകാവുന്ന രീതിയിൽ സർക്കാർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്.
മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള വിദേശ വാക്സിനുകൾക്ക് അതിവേഗം അംഗീകാരം നൽകാം. ഇതിനായി ബ്രിഡ്ജിങ് ട്രയലുകളുടെ ആവശ്യമില്ല. വിദേശ വാക്സിനുകളുടെ ആദ്യ 100 ഗുണഭോക്താക്കളെ വാക്സിൻൻ വിതരണത്തിന് ഒരാഴ്ച മുമ്പ് വിലയിരുത്താനാണ് വിദഗ്ധ സമിതിയുടെ തീരുമാനം. സൈഡസ് കാഡില, ജോൺസൻ ആൻഡ് ജോൺസൺ വാക്സിനുകൾക്ക് ജൂണിൽ അനുമതി ലഭിച്ചേക്കും. നോവാവാക്സ് സെപ്തംബറിലും ഭാരത് ബയോടെക്കിന്റെ ഇൻട്രാ നാസൽ വാക്സിൻ ഒക്ടോബറോടെയും ലഭ്യമായേക്കും.
രാജ്യത്ത് 24 മണിക്കൂറിനിടെ 1,61,736 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 879 മരണം റിപ്പോർട്ട് ചെയ്തു.
Story Highlights: central government changes covid vaccine criteria
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here