പിഴത്തുക തവണകളായി അടച്ചാൽ മതിയോ എന്ന് ഉമർ അക്മൽ; പറ്റില്ലെന്ന് പിസിബി

വാതുവെപ്പ് സംഘം സമീപിച്ചപ്പോൾ റിപ്പോർട്ട് ചെയ്തില്ലെന്ന കാരണത്താൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഉമർ അക്മലിന് ചുമത്തിയ പിഴ തവണകളായി അടക്കാൻ സമ്മതിക്കാതെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പിസിബി ഏർപ്പെടുത്തിയ 42,50,000 രൂപ പിഴ തവണകളായി അടച്ചാൽ മതിയോ എന്ന അക്മലിൻ്റെ ചോദ്യത്തോടാണ് പിസിബി പ്രതികൂല നിലപാട് സ്വീകരിച്ചത്.
സംഭവത്തിൽ ഉമർ അക്മലിന് മൂന്നു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ജസ്റ്റിസ് ഫസൽ ഇ മിരാൻ ചൗഹാന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയാണ് വിലക്കിന് ശുപാർശ ചെയ്തത്. നേരത്തെ, വാതുവെപ്പ് ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ താരത്തെ സസ്പൻഡ് ചെയ്തിരുന്നു. പിന്നീട് താരത്തിൻ്റെ അഭ്യർത്ഥന പ്രകാരം വിലക്ക് ഒന്നര വർഷമായി ചുരുക്കി. ഒന്നര വർഷം വിലക്കും 42,50,000 രൂപ പിഴയുമാണ് പിന്നീട് പിസിബി വിധിച്ചത്.
ഒത്തു കളിക്കാൻ ആവശ്യപ്പെട്ട് നേരത്തെ ചിലർ തന്നെ സമീപിച്ചിരുന്നു എന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ഒരു മത്സരത്തിൽ രണ്ട് പന്തുകൾ ലീവ് ചെയ്യാൻ 2 ലക്ഷം ഡോളറാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. ഇന്ത്യക്കെതിരായ ഒരു മത്സരത്തിൽ നിന്ന് വിട്ടു നിൽക്കാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തു എന്നും അക്മൽ പറഞ്ഞു. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി നടന്ന 2015 ലോകകപ്പ് വേളയിൽ വീണ്ടും വാതുവെപ്പുകാർ തന്നെ സമീപിച്ചു എന്നും അക്മൽ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് വിവാദം ആരംഭിച്ചത്. ഐസിസി ആൻ്റികറപ്ഷൻ കോഡ് പ്രകാരം ഇങ്ങനെ ആരെങ്കിലും സമീപിച്ചാൽ വിവരം ബന്ധപ്പെട്ടവരെ അറിയിക്കണം. എന്നാൽ അക്മൽ അത് ചെയ്തില്ല. തുടർന്നാണ് പിസിബി നടപടി എടുത്തത്.
Story Highlights: Pakistan Cricket Board Rejects Umar Akmal’s Plea To Pay His Fine In Instalments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here