തൃശൂർ പൂരം: ഹെലികാം, എയർഡ്രോൺ, ജിമ്മി ജിബ് ക്യാമറ, ലേസർ ഗൺ എന്നിവക്ക് നിരോധനം

തൃശൂർ പൂരത്തിനോടനുബന്ധിച്ച് ക്രമസമാധാന പരിപാലം ഉറപ്പാക്കാൻ പ്രത്യേക ഉത്തരവിറക്കി. പൂരത്തിന്റെ ഭാരവാഹികൾ, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാർ, പാപ്പാന്മാർ, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് എൻ.കെ. കൃപയാണ് ക്രിമിനൽ നടപടി നിയമം 144 ആം വകുപ്പ് പ്രകാരമുള്ള പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
പൂരം നടക്കുന്ന തീയതികളിൽ ഹെലികോപ്റ്റർ, ഹെലികാം എയർഡ്രോൺ, ജിമ്മി ജിബ് ക്യാമറ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം വടക്കുന്നാഥൻ ക്ഷേത്ര മൈതാനത്തിനു മുകളിലും സ്വരാജ് റൗണ്ടിലും പൂർണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ കാഴ്ചകൾ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകൾ, ആനകൾക്കും പൊതുജനങ്ങൾക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വിസിലുകൾ, വാദ്യങ്ങൾ മറ്റുപകരണങ്ങൾ ലേസർ ലൈറ്റുകൾ എന്നിവയുടെ ഉപയോഗവും പൂർണമായും നിരോധിച്ചിട്ടുണ്ട്.
ഏപ്രിൽ 23, 24 തീയതികളിൽ ഘടക പൂരങ്ങൾക്കെത്തുന്നവർ നിശ്ചിത സമയത്തുതന്നെ ആരംഭിച്ച് നിശ്ചിത സമയത്തുതന്നെ അവസാനിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ആനകളെ എഴുന്നള്ളിക്കുന്നതുമായും, വെടിക്കെട്ട് നടത്തുന്നതുമായും ബന്ധപ്പെട്ട സുപ്രിംകോടതി, ഹൈക്കോടതി, സർക്കാർ ഉത്തരവുകൾ പാലിക്കേണ്ടതാണ്.
നീരുള്ളവയോ, മദപ്പാടുള്ളവയോ വെടിക്കെട്ട് നടത്തുമ്പോഴും മറ്റും വിരണ്ടോടുന്നവയോ, സ്വതവെ വികൃതികളോ ആയ ആനകളെ ഏപ്രിൽ 21, 22, 23,24 തീയതികളിൽ തൃശൂർ പട്ടണ അതിർത്തിക്കുള്ളിൽ പ്രവേശിപ്പിക്കാൻ പാടുള്ളതല്ല. കൂടാതെ ഇവയെ പൂരം എഴുന്നള്ളിപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യരുത്.
ആനകളെ എഴുന്നള്ളിക്കുന്നതിന് ആവശ്യമായ രേഖകൾ ബന്ധപ്പെട്ട അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് മുമ്പാകെയും, ഫോറസ്റ്റ്, വെറ്ററിനറി ഉദ്യോഗസ്ഥർ മുമ്പാകെയും ഹാജരാക്കണം. മുൻകാലങ്ങളിൽ ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ള ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാൻ പാടുള്ളതല്ല. പാപ്പാന്മാർ ഒഴികെ ആരും ആനകളെ സ്പർശിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യരുത്.
നിലവിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാൽ കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ച് പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടത്തണം. പൂരം സംഘാടകരും, പൂരത്തിൽ പങ്കെടുക്കുന്നവരും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതും ആണ്. കൂടാതെ കൊവിഡ് പ്രോട്ടോകോൾ സംബന്ധിച്ച് അതത് സമയങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും ജില്ലാ മെഡിക്കൽ ഓഫിസറുടെ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
Story Highlights: helicam drone laser gun banned, thrissur pooram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here