മന്ത്രി ജി സുധാകരനെതിരായ പരാതി ഒത്തുതീർക്കാൻ സിപിഐഎം നീക്കം

മന്ത്രി ജി സുധാകരനെതിരായ പരാതി ഒത്തുതീർക്കാൻ ആലപ്പുഴ സിപിഐഎമ്മിൽ അസാധാരണ സംഘടന നീക്കം. പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം വൈകിട്ട് ജില്ലാ കമ്മിറ്റി ഓഫിസിൽ ചേരും. ലോക്കൽ കമ്മിറ്റി അംഗമായ പരാതിക്കാരിയുടെ ഭർത്താവിനെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. അതേസമയം മന്ത്രിക്കെതിരായ പരാതിയിൽ കേസെടുക്കണോയെന്നതിൽ പൊലീസ് നിയമോപദേശം തേടി.
മന്ത്രി ജി സുധാകരൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടി മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻറെ ഭാര്യ നൽകിയ പരാതിയിൽ തിരക്കിട്ട ഒത്തുതീർപ്പിനാണ് പാർട്ടി നീക്കം. വിവാദങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ നേതാക്കൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റി ഓഫിസിൽ വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. പരാതിക്കാരിയുടെ ഭർത്താവും മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവുമായ പാർട്ടി അംഗത്തെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. ലോക്കൽ കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചുചേർക്കുന്ന പതിവില്ല. അസാധാരണ സാഹചര്യം പരിഗണിച്ചാണ് നടപടി.
നേരത്തെ വഴിമുട്ടിയ അനുനയ നീക്കങ്ങളാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശത്തിന് പിന്നാലെ പുനരാരംഭിച്ചത്. തനിക്കെതിരെ രാഷ്ട്രീയ ക്രിമിനൽ ഗ്യാങ് പ്രവർത്തിക്കുന്നുവെന്ന് തുറന്നടിച്ച് ജി സുധാകരൻ തുറന്ന പോർമുഖം ആലപ്പുഴയിലെ പാർട്ടിയെ പ്രതിരോധത്തിലാക്കിയതോടെയാണ് പ്രശ്ന പരിഹാരത്തിന് അടിയന്തര നീക്കങ്ങൾ തുടങ്ങിയത്. അതേസമയം ജി സുധാകരനെതിരായ പരാതിയിൽ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. പരാതിയിൽ പോലീസ് മെല്ലെപ്പോക്ക് തുടർന്നതോടെ യുവതി എസ് പിക്ക് പരാതി നൽകിയിരുന്നു. നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. ഇതോടെയാണ് പോലീസ് നിയമോപദേശം തേടിയത്.
Story Highlights: G Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here