പൃഥ്വിരാജ് നായകനായെത്തുന്ന ‘കടുവ’യില്‍ വില്ലനായി വിവേക് ഒബ്‌റോയ്

Vivek Oberoi as main villain in Kaduva

പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കടുവ. ഷാജി കൈലാസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തുന്നു എന്നു സൂചന. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം നിര്‍വഹിച്ച ലൂസിഫര്‍ എന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന വില്ലന്‍ കഥാപത്രം മികച്ച സ്വീകാര്യത നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരു താരങ്ങളും കടുവയില്‍ വീണ്ടും ഒരുമിച്ചെത്തുന്നത്.

കടുവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ‘അവര്‍ക്ക് വേണ്ടത് പോരാട്ടം അവന്‍ നല്‍കിയത് യുദ്ധം’ എന്ന അടിക്കുറിപ്പോടെയാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് കടുവ എന്ന ചിത്രത്തിന്. 2013-ല്‍ പ്രേക്ഷകരിലേക്കെത്തിയ ജിഞ്ചര്‍ ആണ് ഷാജി കൈലാസ് ഏറ്റവും ഒടുവിലായി സംവിധാനം നിര്‍വഹിച്ച മലയാള ചിത്രം. 2017-ല്‍ തമിഴില്‍ തിയേറ്ററുകളിലെത്തിയ വാഗൈ എക്‌സ്പ്രസ് ആണ് ഷാജി കൈലാസ് അവസാനമായി സംവിധാനം നിര്‍വഹിച്ച ചിത്രം.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവയുടെ നിര്‍മാണം. യഥാര്‍ഥ സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ജിനു വി എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രംകൂടിയാണ് കടുവ. 2012-ല്‍ സിംഹാസനം എന്ന ചിത്രം ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയിരുന്നു.

Story Highlights- Vivek Oberoi as main villain in Kaduva

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top