ഓക്‌സിജൻ ക്ഷാമം; യാചിച്ചോ, വാങ്ങിയോ, ബലംപ്രയോഗിച്ചോ അടിയന്തരഘട്ടം മറികടക്കണമെന്ന് കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി

ഓക്‌സിജൻ ലഭ്യമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന സമീപനത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ഹൈക്കോടതി. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കുന്നതായി കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മനുഷ്യജീവനുകൾ സർക്കാരിന് വിഷയമല്ലേയെന്നും ഡൽഹി ഹൈക്കോടതി ചോദിച്ചു. ഓക്‌സിജൻ ക്ഷാമത്തിൽ ജനങ്ങൾക്ക് സർക്കാരിനെ ആശ്രയിക്കാനേ സാധിക്കു. സർക്കാരാണ് ലഭ്യത ഉറപ്പാക്കേണ്ടത്. യാചിച്ചോ, വാങ്ങിയോ, ബലംപ്രയോഗിച്ചോ ഈ അടിയന്തരഘട്ടം മറികടക്കണമെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു.
പ്ലാന്റുകളിൽ നിന്ന് ഓക്‌സിജൻ ആശുപത്രികളിൽ എത്തിക്കാൻ പ്രത്യേക ഇടനാഴി തുറക്കാവുന്നതാണെന്നും തടസമില്ലാതെ ഓക്‌സിജൻ കൊണ്ടുപോകാൻ പ്രത്യേക ഇടനാഴി ഉപകരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അല്ലെങ്കിൽ എയർ ലിഫ്റ്റ് ചെയ്യണമെന്നും ഡൽഹി ഹൈക്കോടതി നിർദേശിച്ചു. സ്വന്തമായി ഓക്‌സിജൻ പ്ലാന്റുകൾ ഉള്ള വ്യവസായശാലകൾ ഓക്‌സിജൻ കൈമാറ്റത്തിന് മുന്നോട്ടുവരണം. ടാറ്റ സ്റ്റീൽസ് സന്നദ്ധരാണ്. ടാറ്റയ്ക്ക് ആകാമെങ്കിൽ മറ്റുള്ളവർക്ക് എന്തുകൊണ്ട് ആയിക്കൂടെന്ന് ഡൽഹി ഹൈക്കോടതി ചോദ്യം ഉന്നയിച്ചു.
കേന്ദ്രസർക്കാർ പൗരന്മാരുടെ ജീവിക്കാനുള്ള മൗലികാവകാശം സംരക്ഷിക്കണമെന്ന് പറഞ്ഞ ഹൈക്കോടതി ആശുപത്രികളിൽ ഓക്‌സിജൻ എത്തിക്കാൻ എന്ത് വഴിയാണോ സ്വീകരിക്കേണ്ടത് ആ നടപടിയെടുക്കണമെന്നും ആവശ്യമെങ്കിൽ വ്യവസായ മേഖലയിൽ ഉപയോഗിക്കാൻ വച്ചിരിക്കുന്ന മുഴുവൻ ഓക്‌സിജനും മെഡിക്കൽ ആവശ്യത്തിന് വകമാറ്റണമെന്നും ചൂണ്ടിക്കാട്ടി.
വ്യവസായ വകുപ്പ് സെക്രട്ടറി ഐസിയുവിലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അറിയിച്ചു. ഓക്‌സിജൻ നിർമാണത്തിനും വിതരണത്തിനും സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കുന്നതായി സോളിസിറ്റർ ജനറൽ പറഞ്ഞു. മാക്‌സ് ആശുപത്രിയുടെ ആശങ്കകൾ പരിഹരിക്കുമെന്നും മുതിർന്ന കേന്ദ്രമന്ത്രി ഡൽഹി മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തുന്നുണ്ട് സോളിസിറ്റർ ജനറൽ അറിയിച്ചു.
ഓക്‌സിജൻ ടാങ്കറുകൾ കൃത്യമായി എത്തുന്നുവെന്ന് ഉറപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ ഡൽഹി ഹൈക്കോടതിയിൽ ഉറപ്പ് നൽകി. ഡൽഹിയിൽ മാത്രമല്ല, രാജ്യത്താകമാനം ഓക്‌സിജൻ എത്തിക്കാൻ കേന്ദ്രം എന്തുചെയ്യുന്നുവെന്ന് അറിയണമെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു. ഓക്‌സിജൻ ഇറക്കുമതി ചെയ്യാൻ നടപടി തുടരുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു.
ഓക്‌സിജൻ ക്ഷാമത്തിൽ മാക്‌സ് ആശുപത്രി ശൃംഖല സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കവെയാണ് ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം.
Story highlights: delhi highcourt on oxygen crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here