Advertisement

ഇതാണ് ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’; പരിചയപ്പെടുത്തി ഷാജി കൈലാസ്

April 21, 2021
2 minutes Read
Prithviraj Sukumaran as Kaduvakunnel Kuruvachan in Kaduva

പൃഥ്വിരാജ് സുകുമാരന്‍- ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് കടുവ. ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. മുണ്ടും ജുബ്ബയും ധരിച്ച് ‘അച്ചായന്‍’ ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

‘എന്റെ മനസ്സില്‍ ഒരു ലക്ഷ്യമുണ്ടെങ്കില്‍ മറ്റൊന്നിനും എന്നെ തടയാനാകില്ല’ എന്ന അടിക്കുറിപ്പിനൊപ്പമാണ് കടുവാക്കുന്നേല്‍ കുറുവച്ചന്റെ സ്റ്റില്‍ പുറത്തെത്തിയിരിക്കുന്നത്. അതേസമയം കടുവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കടുവാക്കുന്നേല്‍ കുറുവച്ചനായുള്ള പൃഥ്വിരാജിന്റെ ചെറിയൊരു വിഡിയോ സുപ്രിയ മേനോനും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് കടുവ എന്ന ചിത്രത്തിന്. 2013-ല്‍ പ്രേക്ഷകരിലേക്കെത്തിയ ജിഞ്ചര്‍ ആണ് ഷാജി കൈലാസ് ഏറ്റവും ഒടുവിലായി സംവിധാനം നിര്‍വഹിച്ച മലയാള ചിത്രം. 2017-ല്‍ തമിഴില്‍ തിയേറ്ററുകളിലെത്തിയ വാഗൈ എക്സ്പ്രസ് ആണ് ഷാജി കൈലാസ് അവസാനമായി സംവിധാനം നിര്‍വഹിച്ച ചിത്രം.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവയുടെ നിര്‍മാണം. യഥാര്‍ഥ സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ജിനു വി എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രംകൂടിയാണ് കടുവ. 2012-ല്‍ സിംഹാസനം എന്ന ചിത്രം ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയിരുന്നു.

Story highlights: Prithviraj Sukumaran as Kaduvakunnel Kuruvachan in Kaduva

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top