ബെയർസ്റ്റോയ്ക്ക് ഫിഫ്റ്റി; സൺറൈസേഴ്സിന് ആദ്യ ജയം

പഞ്ചാബ് കിംഗ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. 9 വിക്കറ്റിനാണ് മുൻ ചാമ്പ്യന്മാർ പഞ്ചാബിനെ കീഴ്പ്പെടുത്തിയത്. പഞ്ചാബ് മുന്നോട്ടുവച്ച 121 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. സൺറൈസേഴ്സിനായി ജോണി ബെയർസ്റ്റോ ഫിഫ്റ്റിയടിച്ച് പുറത്താവാതെ നിന്നു. വാർണർ (37), വില്ല്യംസൺ (16) എന്നിവരും ഹൈദരാബാദിനായി തിളങ്ങി.
കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ശ്രദ്ധയോടെയാണ് സൺറൈസേഴ്സ് ബാറ്റ് വീശിയത്. മോശം പന്തുകൾ മാത്രം അത്രിത്തി കടത്തി വാർണർ-ബെയർസ്റ്റോ സഖ്യം മുന്നോട്ടുനീങ്ങിയതോടെ പഞ്ചാബിന് മറുപടി ഇല്ലാതായി. 73 റൺസ് കൂട്ടുകെട്ടിനു ശേഷമാണ് ഓപ്പണിംഗ് വിക്കറ്റ് വേർപിരിയുന്നത്. വാർണറെ പുറത്താക്കിയ ഫേബിയൻ അലൻ പഞ്ചാബിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. എന്നാൽ, മൂന്നാം നമ്പറിലെത്തിയ വില്ല്യംസൺ ബെയർസ്റ്റോയ്ക്ക് ഉറച്ച പിന്തുണ നൽകിയതോടെ പഞ്ചാബ് പൂർണമായും കളിയിൽ നിന്ന് പുറത്തായി. ബെയർസ്റ്റോ 63 റൺസെടുത്ത് പുറത്താവാതെ നിന്നു.
നാല് മത്സരങ്ങളിൽ ആദ്യ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ അവർ പരാജയപ്പെട്ടിരുന്നു. പഞ്ചാബ് ആവട്ടെ ആദ്യ മത്സരത്തിൽ വിജയിച്ച ശേഷം തുടർച്ചയായ 3 മത്സരങ്ങളിലും പരാജയപ്പെട്ടു.
Story highlights: srh won against pbks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here