വാക്സിൻ എടുത്തവർ ഇന്ന് മാത്രം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 22 ലക്ഷം രൂപ: മുഖ്യമന്ത്രി

കൊവിഡ് വാക്സിൻ എടുത്തവർ ഇന്ന് മാത്രം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 22 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ ഐക്യത്തെയാണ് ഇത് കാണിക്കുന്നതെന്നും മുൻപും ഇത് കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈകുന്നേരം നടത്തിയ വാർത്താസമ്മേളനത്തിൽ ഉയർന്ന ഒരു ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വാക്സിൻ എടുത്തവർ 400 രൂപ എന്ന നിരക്കിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക എന്ന നിലയിൽ ഒരു സോഷ്യൽ മീഡിയ പ്രചാരണം നടക്കുന്നുണ്ട്. അതെപ്പറ്റി എന്താണ് അഭിപ്രായം എന്നായിരുന്നു ചോദ്യം. അതിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു: “അതാണ് നമ്മുടെ നാടിൻ്റെ ഒരു പ്രത്യേകത. ഇത് നമ്മുടെ നാടല്ലേ? കേരളമല്ലേ? കേരളത്തിൻ്റെ കൂട്ടായ്മയുടെ ഒരു ശക്തി നമ്മൾ ഇതിനു മുൻപും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഈ ഒരു ഘട്ടത്തിൽ സ്വാഭാവികമായി ഇത്തരം ഒരു നടപടിക്ക് തയ്യാറായി പലരും മുന്നോട്ടുവരുന്നു എന്നുള്ളതാണ് നമ്മൾ കാണേണ്ട ഒരു കാര്യം. അപ്പോൾ, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് നമുക്ക് കരുത്തായി മാറുന്നത് തന്നെ ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണ്. ഞാനീ പരിപാടിക്ക് വരുമ്പോ തന്നെ ഒരു കണക്ക് ശ്രദ്ധയിൽ പെട്ടു. സിഎംഡിആർഎഫിലേക്ക് ഇന്ന്, ഒരു ദിവസത്തിനുള്ളിൽ, ഇന്ന് വൈകിട്ട് നാലര വരെ വാക്സിനെടുത്തവർ മാത്രം നൽകിയ സംഭാവന 22 ലക്ഷം രൂപയാണ്. സൗജന്യമായി എല്ലാവർക്കും വാക്സിൻ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അപ്പോൾ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനൊപ്പം നിൽക്കുക എന്ന ആഗ്രഹം ജനങ്ങൾക്ക് സ്വാഭാവികമായും ഉണ്ടാവും. ഈ കാര്യത്തിലും അവരത് ചെയ്യുകയാണ്. ഇതിൻ്റെ മൂർദ്ധമായ രൂപം, നാളെ ഒന്നുകൂടി ചർച്ച ചെയ്തുകൊണ്ട് അവതരിപ്പിക്കുകയും ചെയ്യാം. എങ്ങനെയാണ് കുറേക്കൂടി ഫലപ്രദമായി കാര്യങ്ങൾ നീക്കാനാവുക എന്നത് നമുക്ക് അതിൻ്റെ ഭാഗമായി പരിശോധിക്കുകയും ചെയ്യാം.
Story highlights: people who recieved vaccine donate Rs 22 lakh to relief fund today: pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here