പരുക്ക്: നടരാജൻ ഐപിഎലിൽ നിന്ന് പുറത്തായെന്ന് റിപ്പോർട്ട്

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ താരം ടി നടരാജൻ ഐപിഎലിൽ നിന്ന് പുറത്തായെന്ന് റിപ്പോർട്ട്. കാല്മുട്ടിനേറ്റ പരുക്കാണ് താരത്തിനു തിരിച്ചടി ആയിരിക്കുന്നത്. ഈ സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് നടരാജൻ സൺറൈസേഴ്സിനായി കളിച്ചത്. അവസാന രണ്ട് മത്സരങ്ങളിൽ തമിഴ്നാട് പേസർ കളിച്ചിരുന്നില്ല.
ആകെ നാല് മത്സരങ്ങളാണ് സൺറൈസേഴ്സ് ഇതുവരെ കളിച്ചിരിക്കുന്നത്. പഞ്ചാബ് കിംഗ്സിനെതിരെ കളിച്ച അവസാന മത്സരത്തിൽ മാത്രമാണ് അവർ വിജയിച്ചത്. മത്സരത്തിൽ 9 വിക്കറ്റിന് വിജയിച്ചതിനു ശേഷം ക്യാപ്റ്റൻ ഡേവിഡ് വാർണർ നടരാജൻ്റെ പരുക്കിനെപ്പറ്റി വെളിപ്പെടുത്തിയിരുന്നു. സ്കാൻ ചെയ്യാൻ പോവുകയാണെങ്കിൽ ഏഴ് ദിവസം ക്വാറൻ്റീൻ ഇരിക്കേണ്ടി വരുമെന്നും നിലവിൽ നടരാജനെ നിരീക്ഷിക്കുകയാണെന്നും വാർണർ അറിയിച്ചിരുന്നു.
9 വിക്കറ്റിനാണ് സൺറൈസേഴ്സ് പഞ്ചാബിനെ കീഴ്പ്പെടുത്തിയത്. പഞ്ചാബ് മുന്നോട്ടുവച്ച 121 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. സൺറൈസേഴ്സിനായി ജോണി ബെയർസ്റ്റോ ഫിഫ്റ്റിയടിച്ച് പുറത്താവാതെ നിന്നു. വാർണർ (37), വില്ല്യംസൺ (16) എന്നിവരും ഹൈദരാബാദിനായി തിളങ്ങി.
നാല് മത്സരങ്ങളിൽ ആദ്യ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ അവർ പരാജയപ്പെട്ടിരുന്നു. പഞ്ചാബ് ആവട്ടെ ആദ്യ മത്സരത്തിൽ വിജയിച്ച ശേഷം തുടർച്ചയായ 3 മത്സരങ്ങളിലും പരാജയപ്പെട്ടു.
Story highlights: T Natarajan Ruled Out Of IPL Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here