Advertisement

തകർപ്പൻ ബൗളിംഗ് പ്രകടനവുമായി പഞ്ചാബ്; വിജയലക്ഷ്യം 132 റൺസ്

April 23, 2021
Google News 2 minutes Read
pbks need mumbai punjab

മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സിന് 132 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 131 റൺസ് നേടിയത്. ഗംഭീരമായി പന്തെറിഞ്ഞ പഞ്ചാബ് കിംഗ്സ് ബൗളർമാർ കരുത്തുറ്റ മുംബൈ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു. 63 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മുംബൈയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് 33 റൺസ് നേടി. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമിയും രവി ബിഷ്ണോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പതിവിനു വിപരീതമായി മോയിസസ് ഹെൻറിക്കസും ദീപക് ഹൂഡയും ചേർന്നാണ് പഞ്ചാബിനായി ബൗളിംഗ് ഓപ്പൺ ചെയ്തത്. രണ്ടാം ഓവറിൽ തന്നെ ക്വിൻ്റൺ ഡികോക്കിനെ (3) പുറത്താക്കിയ ഹൂഡ ക്യാപ്റ്റൻ്റെ തീരുമാനം ശരിവെക്കുകയും ചെയ്തു. മൂന്നാം നമ്പറിൽ സൂര്യകുമാറിനു പകരം ഇഷൻ കിഷൻ എത്തി. എന്നാൽ, ചെപ്പോക്കിലെ ബൗളിംഗ് ട്രാക്കിൽ ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ കിഷൻ 17 പന്തുകളിൽ 6 റൺസെടുത്ത് രവി ബിഷ്ണോയ്ക്ക് മുന്നിൽ കീഴടങ്ങി.

മൂന്നാം വിക്കറ്റിലാണ് മുംബൈ മത്സരത്തിലേക്ക് തിരികെ എത്തിയത്. മെല്ലെ ആരംഭിച്ച രോഹിത് സാവധാനം മികച്ച ഷോട്ടുകൾ തൊടുത്ത് മുംബൈ ഇന്നിംഗ്സിനെ മുന്നോട്ടുനയിച്ചു. സൂര്യകുമാർ യാദവും വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. 2 വിക്കറ്റ് നഷ്ടത്തിൽ 26 എന്ന നിലയിൽ ക്രീസിൽ ഒത്തുചേർന്ന സഖ്യം 79 റൺസാണ് മൂന്നാം വിക്കറ്റിൽ കണ്ടെത്തിയത്. സൂര്യകുമാറിനെ പുറത്താക്കിയ രവി ബിഷ്ണോയ് ഈ കൂട്ടുകെട്ട് പൊളിച്ചു. താമസിയാതെ രോഹിതും മടങ്ങി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. ഹർദ്ദിക് പാണ്ഡ്യ (1), കൃണാൽ പാണ്ഡ്യ (3) എന്നിവർ വേഗം മടങ്ങി. യഥാക്രമം അർഷ്ദീപ് സിംഗിനും മുഹമ്മദ് ഷമിക്കുമായിരുന്നു വിക്കറ്റ്. കീറോൺ പൊള്ളാർഡ് (16) പുറത്താവാതെ നിന്നു.

Story highlights: pbks need 132 runs to win vs mi mumbai indians punjab kings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here