എല്ലാവരും ഇന്ത്യക്ക് വേണ്ടി പണം സ്വരൂപിച്ച് ഓക്സിജൻ സിലിണ്ടറുകൾ സംഭാവന നൽകണം: ഷൊഐബ് അക്തർ

ഓക്സിജൻ ക്ഷാമം അനുഭവിക്കുന്ന ഇന്ത്യയെ സഹായിക്കണമെന്ന് മുൻ പാക് പേസർ ഷൊഐബ് അക്തർ. എല്ലാവരും ഇന്ത്യക്ക് വേണ്ടി പണം സ്വരൂപിച്ച് ഓക്സിജൻ സിലിണ്ടറുകൾ സംഭാവന നൽകണമെന്ന് അക്തർ പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് അക്തറിൻ്റെ അഭ്യർത്ഥന.
“ഇപ്പോൾ കടന്നുപോകുന്ന പ്രതിസന്ധി മറികടക്കുക എന്നത് ഒരു സർക്കാരിനും എളുപ്പമാവില്ല. സർക്കാരിനോടും ആരാധകരോടും ഇന്ത്യയെ സഹായിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. ഇന്ത്യക്ക് ഒരുപാട് ഓക്സിജൻ സിലിണ്ടറുകൾ ആവശ്യമുണ്ട്. ഇന്ത്യക്ക് വേണ്ടി പണം സ്വരൂപിച്ച് ഓക്സിജൻ സിലിണ്ടറുകൾ സംഭാവന നൽകണമെന്ന് എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.”- അക്തർ അഭ്യർത്ഥിച്ചു.
രാജ്യത്തെ സർക്കാർ ആശുപത്രികളിൽ 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനമായിരുന്നു. പിഎം കെയർ ഫണ്ടിൽ നിന്നാകും ഇതിന് പണം കണ്ടെത്തുക. ആശുപത്രികളിൽ ഒക്സിജൻ ലഭ്യത വർധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് നടപടി. പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനം ആരംഭിക്കാൻ പ്രധാന മന്ത്രി നിർദ്ദേശം നൽകിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിൽ ഉള്ള ആശുപത്രികളിൽ ആകും പ്ലാന്റുകൾ സ്ഥാപിക്കുക.
രാജ്യത്തെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് ഉണ്ടായത് കനത്ത വീഴ്ചയാണ്. കഴിഞ്ഞ വർഷം സ്ഥാപിക്കാൻ കരാർ കൊടുത്ത 162 ഓക്സിജൻ പ്ലാന്റുകൾ സമയ ബന്ധിതമായി പ്രവർത്തനക്ഷമമാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചത് വലിയ അനാസ്ഥയാണ്. വളരെ കുറച്ച് ഓക്സിജൻ പ്ലാന്റുകൾ മാത്രം ആണ് ഇതുവരെ പ്രവർത്തനസജ്ജമായിട്ടുള്ളത്. ഈ വീഴ്ച മറച്ചുവച്ച് മുഖംമിനുക്കൽ ശ്രമങ്ങളുടെ ഭാഗമായ് 551 പ്ലാൻ്റുകൾകൂടി അടിയന്തരമായി സ്ഥാപിക്കുമെന്നാണ് ഇപ്പോൾ സർക്കാരിന്റെ പ്രഖ്യാപനം.
Story highlights: shoaib akhtar supports india in oxygen crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here