കേന്ദ്രസർക്കാരിനെതിരെ ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ

High Commission Australian Media

ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ. ദി ഓസ്ട്രേലിയൻ എന്ന ദിനപത്രത്തിൽ വന്ന വാർത്തയ്ക്കെതിരെയാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തിയത്.

‘കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിന് ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ച സാർവത്രിക പ്രശംസ നേടിയ സമീപനത്തെ ദുർബലപ്പെടുത്തുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ഇത് എഴുതിയത്’ എന്ന് ദി ഓസ്ട്രേലിയൻ പത്രത്തിൻ്റെ എഡിറ്റർ ഇൻ ചീഫ് ക്രിസ്റ്റഫർ ഡോറെയ്ക്ക് എഴുതിയ കത്തിൽ ഹൈക്കമ്മീഷൻ കുറിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായി കേന്ദ്രം സ്വീകരിച്ച നടപടികളും കത്തിൽ വിശദമാക്കിയിട്ടുണ്ട്. ഇന്ത്യ ലോകമെമ്പാടും വാക്സിൻ കയറ്റുമതി ചെയ്തതിനാൽ കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനായെന്ന് കത്തിൽ പറയുന്നു. മത സമ്മേളനങ്ങളെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെയും വിമർശിച്ചത് തിടുക്കത്തിലായെന്നും ഹൈക്കമ്മീഷൻ കുറ്റപ്പെടുത്തി.

‘ലോക്ക്ഡൗണിൽ നിന്ന് മോദി ഇന്ത്യയെ പകർച്ചവ്യാധിയുടെ ലോകാവസാനത്തിലേക്ക് നയിച്ചു’ എന്ന തലക്കെട്ടിലാണ് ‘ദി ഓസ്ട്രേലിയനി’ൽ റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് റാലികളിൽ ആളുകളെ പങ്കെടുപ്പിച്ചതും കുംഭ മേള അനുവദിച്ചതും രണ്ടാം തരംഗത്തെ കുറിച്ചുള്ള വിദഗ്ധരുടെ മുന്നറിയിപ്പ് അവഗണിച്ചതും ഓസിജൻ്റെയും വാക്സിൻ്റെയും ക്ഷാമവുമൊക്കെയാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുകയാണ്. 24 മണിക്കൂറിനിടെ 3,52,221 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,812 മരണവും സ്ഥിരീകരിച്ചു. 28 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Story highlights: High Commission Slams Australian Media Report On Covid Crisis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top