കൊവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിൽ പ്രാദേശിക ലോക്ക് ഡൗൺ; നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
കൊവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിൽ പ്രാദേശിക ലോക്ക് ഡൗൺ വേണമെന്ന നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രാദേശിക ലോക്ക് ഡൗൺ എന്ന നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് സംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. രാജ്യത്തെ നിലവിലെ സാഹചര്യം അതീവ ഗുരുതരവും സങ്കീർണവുമാണെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക ലോക്ക് ഡൗൺ വേണമെന്നാണ് ആവശ്യം. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളും പ്രാദേശിക ലോക്ക് ഡൗണിലേയ്ക്കാണ് വഴിവയ്ക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ച് ശതമാനം കടന്ന ജില്ലകളിൽ ലോക്ക് ഡൗൺ നടപ്പിലാക്കാനാണ് നിർദേശം. ഇത്തരത്തിൽ രാജ്യത്തെ 150 ജില്ലകൾ അടച്ചിടണമെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക ലോക്ക് ഡൗൺ നടപ്പിലാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾ എത്രയും വേഗം മറുപടി നൽകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു. കേരളത്തിൽ പത്തനംതിട്ട, കൊല്ലം ഒഴികെ പന്ത്രണ്ട് ജില്ലകളിലും ടിപിആർ പതിനഞ്ച് ശതമാനത്തിന് മുകളിലാണ്. ലോക്ക് ഡൗൺ വന്നാൽ പന്ത്രണ്ട് ജില്ലകൾ അടച്ചിടേണ്ടിവരും.
Story highlights: covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here