ഐപിഎലിലേത് ഏറ്റവും മോശം ബയോ ബബിൾ: ആദം സാംപ

താൻ ഭാഗമായതിൽ വച്ച് ഏറ്റവും മോശം ബയോ ബബിളാണ് ഐപിഎലിലേത് എന്ന് ഓസ്ട്രേലിയയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്പിന്നർ ആദം സാംപ. കഴിഞ്ഞ തവണ യുഎഇയിൽ വച്ച് നടന്ന ഐപിഎലിൻ്റെ ബബിളുകൾ വളരെ മികച്ചതായിരുന്നു എന്നും അവിടെത്തന്നെ ഇക്കൊല്ലവും ടൂർണമെൻ്റ് നടന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നും സാംപ പറഞ്ഞു. ഓസ്ട്രേലിയൻ മാധ്യമമായ സിഡ്നി മോർണിംഗ് ഹെറാൾഡിനു നൽകിയ അഭിമുഖത്തിലാണ് സാംപയുടെ വിശദീകരണം. കൊവിഡ് സാഹചര്യത്തെ തുടർന്ന് സാംപ ഐപിഎൽ മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു.
“ഏതാനും ബയോ ബബിളുകളിൽ ഞങ്ങൾ ഭാഗമായിട്ടുണ്ട്. കൂട്ടത്തിൽ ഏറ്റവും ദുർബലമായി തോന്നിയത് ഐപിഎല്ലിലേത് ആണ്. ഇന്ത്യ ആയതുകൊണ്ട്, ഇവിടുത്തെ ശുചിത്വത്തെ കുറിച്ചും കൂടുതൽ ശ്രദ്ധാലുവായിരിക്കണം എന്നുമാണ് എല്ലായ്പ്പോഴും കേൾക്കുന്നത്. ആറ് മാസം മുൻപ് യുഎഇയിൽ ഐപിഎൽ നടന്നപ്പോൾ ഇങ്ങനെ തോന്നിയിരുന്നില്ല. ദുബായിൽ നടന്ന ഐപിഎൽ എല്ലാ അർഥത്തിലും സുരക്ഷിതമാണ് എന്ന തോന്നലാണ് നൽകിയത്. ഇത്തവണയും യുഎഇയിൽ ആയിരുന്നെങ്കിൽ നല്ലതായിരുന്നു. എന്നാൽ ഒരുപാട് രാഷ്ട്രീയ കാര്യങ്ങൾ ഇതിന് പിന്നിലുണ്ട്. ഈ വർഷം അവസാനം ഇവിടെ ടി-20 ലോകകപ്പ് നടക്കേണ്ടതുണ്ട്. ക്രിക്കറ്റ് ലോകത്ത് അടുത്ത ചർച്ചാ വിഷയമാവുന്നത് ഇതായിരിക്കും. ആറ് മാസം എന്നത് ഒരു വലിയ കാലയളവാണ്.”- സാംപ പറഞ്ഞു.
ഐപിഎൽ ബയോ ബബിൾ നിബന്ധനകൾ കടുപ്പിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ടെസ്റ്റുകൾ നടത്താനും ഇന്ത്യൻ താരങ്ങൾക്ക് വാക്സിനേഷൻ എടുക്കാനും ബിസിസിഐ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താമസിക്കുന്ന ഹോട്ടലിലേക്ക് പുറത്തുനിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ ഇനി മുതൽ അനുവാദമില്ലെന്നും റിപ്പോർട്ടുകളുണ്ട്.
Story highlights: IPL Has Most Vulnerable Bio-Secure Bubble Adam Zampa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here