ആര്‍ടിപിസിആര്‍ പരിശോധന; പ്രവാസികളെ കൊള്ളയടിക്കുന്നു; ട്രാവല്‍ ഏജന്‍സികള്‍ തന്നെ ടെസ്റ്റിംഗ് കേന്ദ്രങ്ങളായി മാറിയെന്ന് കണ്ടെത്തല്‍

ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ മറവിലുള്ള കൊള്ളയില്‍ ഏറ്റവും കൂടുതല്‍ പിഴിയുന്നത് പ്രവാസികളെ. കേരളത്തില്‍ വന്നുകഴിഞ്ഞും വിദേശത്തേക്ക് പോകാനും ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയതോടെ ഇടനിലക്കാരും പിടിമുറുക്കി. ആദ്യമായി ജോലി കിട്ടി വിദേശത്തേക്ക് പോകാനുള്ളവരെ ടെസ്റ്റിനെത്തിക്കാന്‍ ഏജന്റുമാരും ധാരാളമുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ തന്നെ ടെസ്റ്റിംഗ് കേന്ദ്രങ്ങളായി മാറിയെന്നും വിവരം.
വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തി ഏഴ് ദിവസം കഴിഞ്ഞാല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. ഇല്ലെങ്കില്‍ ഏഴ് ദിവസം കൂടി ക്വാറന്റെയിനില്‍ തുടരണം. ഇതു മടിച്ച് ഏഴു ദിവസം കഴിയുമ്പോള്‍ തന്നെ ടെസ്റ്റ് നടത്തുന്നവരാണ് മിക്കവരും. കേരളത്തില്‍ നിന്നും വിദേശത്തേക്ക് പോകാനും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.
ഒരു ട്രാവല്‍ ഏജന്‍സിയില്‍ പോയി ഇവിടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുമോയെന്ന് അന്വേഷിച്ചപ്പോള്‍ എപ്പോള്‍ വേണമെങ്കിലും ടെസ്റ്റ് നടത്താമെന്ന് പ്രതികരിച്ചതായി ട്വന്‍റിഫോര്‍ തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്തില്ലാതിരുന്ന ഉടമയോട് ഫോണില്‍ ഡിസ്‌കൗണ്ട് ചോദിച്ചപ്പോള്‍ ട്രാവല്‍ ഏജന്‍സിയില്‍ ടെസ്റ്റിന് എത്തുമ്പോള്‍ നല്‍കാമെന്ന് ഉറപ്പും നല്‍കിയെന്നും വിവരം. വിദേശത്തേക്കുള്ള പേപ്പറുകള്‍ ശരിയാക്കുന്ന ട്രാവല്‍ ഏജന്‍സികളാണ് ഇതില്‍ മുന്‍പന്തിയില്‍ ഉള്ളത്. ഒരു അടിസ്ഥാന സൗകര്യവുമില്ലാത്ത സ്ഥലങ്ങളാണ് ടെസ്റ്റിംഗ് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത്.
Story highlights: rtpcr test, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here