ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്; വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് സംസ്ഥാന മന്ത്രിമാരും

വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് സംസ്ഥാന മന്ത്രിമാരും. മന്ത്രിമാരുടെ ഒരു മാസ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ ഓരോ മന്ത്രിയും കഴിഞ്ഞ രണ്ടര വർഷം കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുക ഏഴര ലക്ഷത്തിലധികം രൂപയാകും.
ഇത്രയധികം തുക മന്ത്രിമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകിയ കാലമുണ്ടാവില്ല. ശമ്പളം കയ്യയച്ചു നൽകിയ ജീവനക്കാരുമില്ല.
2018 ലെ മഹാപ്രളയ കാലത്ത് ഓരോ മന്ത്രിയും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. 2019ലെ പ്രളയ കാലത്തും മന്ത്രിമാർ ഓരോരുത്തരും നൽകിയത് ഒരു ലക്ഷം രൂപ വീതം. കൊവിഡിൻ്റെ തുടക്കത്തിലും ഒരു ലക്ഷം രൂപ വീതം മന്ത്രിമാർ നൽകി. കൂടാതെ കഴിഞ്ഞ ഒരു വർഷക്കാലം 30,000 രൂപ വീതവും മന്ത്രിമാർ നൽകി.
ഇപ്പോൾ ഒരു മാസ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പോകുന്നു. 92000 മുതൽ ഒരു ലക്ഷം വരെ നൽകാനാണ് തീരുമാനം. കൊവിഡ് പ്രതിരോധത്തിനു മാത്രം ഓരോ മന്ത്രിയും നൽകിയ തുക അഞ്ചര ലക്ഷത്തിലേറെ വരും. പ്രളയകാലത്ത് സാലറി കട്ടിലൂടെ സഹകരിച്ച സർക്കാർ ജീവനക്കാരും അധ്യാപകരും കൊവിഡ് കാലത്തും സർക്കാരിനൊപ്പം നിന്നു. ആറു ദിവസ ശമ്പളം വീതം അഞ്ചുമാസം ജീവനക്കാരിൽ നിന്ന് സർക്കാർ പിടിച്ചു. ഡിഎഫിൽ ഈ തുക ലയിപ്പിച്ചു നൽകാമെന്നാണ് സർക്കാർ വാഗ്ദാനം.
Story highlights: State ministers also took part in the vaccine challenge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here