കൊവിഡ്: മനൻ വോഹ്റയുടെ മുത്തച്ഛനും മുൻ ഹോക്കി താരവുമായ യഷ് പാൽ വോഹ്റ അന്തരിച്ചു

Manan Vohra’s Grandfather COVID

രാജസ്ഥാൻ റോയൽസ് താരം മനൻ വോഹ്റയുടെ മുത്തച്ഛൻ കൊവിഡ് ബാധിച്ച് മരിച്ചു. 92കാരനായ യഷ് പാൽ വോഹ്റയാണ് മരണത്തിനു കീഴടങ്ങിയത്. വോഹ്റയുടെ മാതാപിതാക്കൾക്കും മുത്തച്ഛനും മുത്തശ്ശിക്കും കൊവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാവർക്കും നെഗറ്റീവ് ആയെങ്കിലും മുത്തച്ഛന് കൊവിഡിനെ കീഴ്പ്പെടുത്താനായില്ല.

1950കളിലും 60കളിലും ഇന്ത്യക്കായി ഹോക്കി കളിച്ചിട്ടുള്ള താരമാണ് യഷ് പാൽ വോഹ്റ. 1956 മെൽബൺ ഒളിമ്പിക്സിനുള്ള ടീമിൽ ഉൾപ്പെട്ടിരുന്നു എങ്കിലും പരുക്കേറ്റതിനാൽ കളിക്കാനായില്ല. 25 വർഷത്തോളം ഛണ്ഡീഗഡ് ഒളിമ്പിക്, ഹോസി അസോസിയേഷനുകളുടെ ഭരണാധികാരി ആയിരുന്നു.

“അവസാന കർമ്മങ്ങൾക്കായി മനന് നാട്ടിലേക്ക് വരണമെന്നുണ്ടായിരുന്നു. അവൻ്റെ പ്രചോദനമായിരുന്നു മുത്തച്ഛൻ. പക്ഷേ, കളി തുടരാൻ ഞാൻ അവനോട് ആവശ്യപ്പെട്ടു. അതാവും മുത്തച്ഛനും ആഗ്രഹിക്കുക. അവൻ വന്നിരുന്നെങ്കിലും ക്വാറൻ്റീൻ നിബന്ധനകളൊക്കെ ഉള്ളതിനാൽ തിരികെ ടീമിനൊപ്പം ചേരുക ബുദ്ധിമുട്ടായേനെ.”- വോഹ്റയുടെ പിതാവ് സഞ്ജീവ് വോഹ്റ പറഞ്ഞു.

27കാരനായ മനൻ മോശം ഫോമിലാണ്. ആദ്യ നാല് മത്സരങ്ങളിൽ ഓപ്പണറായി കളിച്ച താരത്തെ മോശം പ്രകടനങ്ങളെ തുടർന്ന് മാറ്റിയിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി യശസ്വി ജയ്സ്വാളാണ് രാജസ്ഥാൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത്.

Story highlights: Manan Vohra’s Grandfather Succumbs To COVID

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top