പാലക്കാട് സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം; അടിയന്തര നടപടിയുമായി ജില്ലാ ഭരണകൂടം

പാലക്കാട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ അടിയന്തിര ഇടപെടലുമായി ജില്ലാ ഭരണകൂടം. ഓക്‌സിജന്‍ ക്ഷാമമെന്ന പരാതി ഉയര്‍ന്ന മൂന്ന് സ്വകാര്യ ആശുപത്രികളിലും ഓക്‌സിജന്‍ എത്തിക്കാന്‍ അടിയന്തിര നടപടിയെടുത്തെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു.
നൂറിലധികം കൊവിഡ് രോഗികളാണ് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഓക്‌സിജന്റെ സ്റ്റോക്ക് തീരുന്നുവെന്ന പരാതി ആദ്യമുയര്‍ത്തിയത് പാലക്കാട് നഗരത്തിലെ പാലന ആശുപത്രിയാണ്. 60 ഓളം കൊവിഡ് രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്.
വാണിയംകുളത്തെ പി കെ ദാസ് ആശുപത്രി, പാലക്കാട്ടെ തങ്കം ആശുപത്രി എന്നിവരും ഓക്‌സിജന്‍ ക്ഷാമമെന്ന സമാന പരാതി ഉന്നയിച്ചു. കൊവിഡ് സാഹചര്യം കൂടി പരിഗണിച്ചാണ് ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും അടിയന്തിര ഇടപെടല്‍.
ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനികളുമായി സംസാരിച്ച് ക്ഷാമമുള്ളയിടത്ത് ഓക്‌സിജന്‍ പെട്ടന്ന് എത്തിക്കാന്‍ ആണ് നിര്‍ദേശം. വരുംദിവസങ്ങളിലും ഓക്‌സിജന്‍ ക്ഷാമമുണ്ടാകുമോ എന്ന് ജില്ലാ ഭരണകൂടം ആശങ്കപ്പെടുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികളും അധികൃതര്‍ ആലോചിക്കുന്നു.
Story highlights: palakkad, oxygen, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here