ട്വന്റി ട്വന്റി സിപിഐഎമ്മിന്റെ ബി ടീമായി പ്രവർത്തിച്ചു; എറണാകുളം ജില്ലയിലെ തിരിച്ചടിയിൽ വിലയിരുത്തലുമായി കോൺഗ്രസ്

എറണാകുളം ജില്ലയിൽ ട്വന്റി ട്വന്റിയുടെ സാന്നിധ്യം തിരിച്ചടിയായെന്ന് കോൺഗ്രസ് വിലയിരുത്തൽ. കുന്നത്തുനാട്, കൊച്ചി, വൈപ്പിൻ എന്നീ മണ്ഡലങ്ങളിലെ തോൽവിക്ക് കാരണം ട്വന്റി ട്വന്റി നേടിയ വോട്ടുകളാണെന്ന് നേതാക്കൾ തുറന്നുസമ്മതിക്കുന്നു. ട്വന്റി ട്വന്റി സിപിഐഎമ്മിന്റെ ബി ടീമായി പ്രവർത്തിച്ചുവെന്നും ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു
മത്സരിച്ച എട്ടു മണ്ഡലങ്ങളിലും അടിയറവ് പറയേണ്ടി വന്നെങ്കിലും യുഡിഎഫ് ക്യാമ്പുകൾക്ക് കനത്ത പ്രഹരമാണ് ട്വന്റി ട്വന്റി നൽകിയത്. ട്വന്റി ട്വന്റിയുടെ സാന്നിധ്യം തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. കുന്നത്തുനാട്ടിൽ 42701 വോട്ടുകൾ നേടിയ ട്വന്റി ട്വന്റി തകർത്തുകളഞ്ഞത് യുഡിഎഫിന്റെ ഹാട്രിക് പ്രതീക്ഷയാണ്. പതിറ്റാണ്ടുകൾക്ക് ശേഷം വൈപ്പിനിൽ വിജയം പ്രതീക്ഷിച്ച കോൺഗ്രസിന് ട്വൻ്റി ട്വൻ്റിയാണ് തോൽവി സമ്മാനിച്ചത്. ഇവിടെ 16707 വോട്ടുകൾ ട്വന്റി ട്വന്റി നേടിയപ്പോൾ കോൺഗ്രസിൻ്റെ പരാജയം 8201 വോട്ടുകൾക്ക്.
കൊച്ചിയിലും സമാന സ്ഥിതിയാണ്. വിജയമുറപ്പിച്ചിരുന്ന യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മിണിക്ക് വിനയായത് ട്വന്റി ട്വന്റി സ്ഥാനാർത്ഥി ഷൈനി ആന്റണി നേടിയ 19676 വോട്ടുകളാണ്. ട്വന്റി ട്വന്റി പിണറായി വിജയന്റെ ബി ടീമാണെന്ന് പി ടി തോമസും ആരോപിച്ചു.
Story Highlights- Congress assesses setback in Ernakulam district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here