പശ്ചിമബംഗാൾ സംഘർഷം; മമതാ സർക്കാരിനോട് വിശദീകരണം തേടി കേന്ദ്രം

പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഡീഷണല്‍ സെക്രട്ടറി ഉള്‍പ്പെട്ട നാലംഗ സംഘത്തെയാണ് സംസ്ഥാനത്തേക്ക് അയച്ചത്. ബംഗാളില്‍ സംഘര്‍ഷങ്ങള്‍ തുടരുകയാണെന്നും സമയം പാഴാക്കാതെ നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വിവിധയിടങ്ങളില്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അക്രമസംഭവങ്ങളില്‍ വിശദമായി റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രം പശ്ചിമബംഗാള്‍ സര്‍ക്കാരിന് രണ്ട് തവണ കത്തയച്ചിരുന്നു. ഇതിന് ശേഷമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള കേന്ദ്ര നടപടി.
ബുധനാഴ്ച നിയുക്ത മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസമായിരുന്നു രണ്ടാമത്തെ കത്തയച്ചത്. ആദ്യമയച്ച കത്തിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ടാമതും കത്തയച്ചത്.
തുടര്‍ച്ചയായി മൂന്നാം തവണയാണ് ബംഗാള്‍ മുഖ്യമന്ത്രിയായി മമത അധികാരമേറ്റത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള കേന്ദ്രത്തിന്റെ നടപടിയെന്നതും ശ്രദ്ധേയമാണ്. പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിയോടും കേന്ദ്രം വിശദീകരണം തേടിയിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here