വി മുരളീധരനെതിരായ അക്രമം പ്രതിഷേധാർഹം; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം: കെ സുരേന്ദ്രൻ

പശ്ചിമ ബംഗാളിൽ കേന്ദ്ര മന്ത്രി വി മുരളിധരനെതിരായ അക്രമം പ്രതിഷേധാർഹമെന്ന് ബിജെപി സംസ്ഥാന അദ്ധ്യഷൻ കെ സുരേന്ദ്രൻ. ജനാധിപത്യ വ്യവസ്ഥയ്ക്കു നേരെയാണ് അക്രമം നടക്കുന്നത്. ബംഗാളിലെ അക്രമങ്ങൾക്കെതിരെ ശബ്ദിക്കാൻ കോൺഗ്രസും സിപിഐഎമ്മും തയ്യാറാകുന്നില്ല. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണങ്ങളെ വെല്ലുന്ന സംഭവങ്ങൾക്കാണ് ബംഗാൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ക്രമസമാധാനം പൂർണമായും മമത ബാനർജി തകർത്തു കഴിഞ്ഞു. ജനവിധി ജനാധിപത്യത്തെ കശാപ്പു ചെയ്യാനുള്ള ലൈസൻസാണെന്ന് മമത കണക്കാക്കരുത്. ആയിരക്കണക്കിന് ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ് ബംഗാളിൽ നിന്നും പാലായനം ചെയ്യുന്നത്. മതതീവ്രവാദികളുടെ പിന്തുണയോടെ ഒരു വിഭാഗത്തെ തുടച്ചുനീക്കാമെന്ന് മമത വിചാരിക്കരുത്. തീക്കൊള്ളികൊണ്ടാണ് മമതയും മതമൗലികവാദികളും തലചൊറിയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ബംഗാളിലെ മേദിനിപൂരിൽ വച്ചാണ് മുരളീധരൻ്റെ വാഹനവ്യൂഹത്തിനു നേരെ അക്രമമുണ്ടായത്. സംഭവം. ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ തകർന്നു. ഒപ്പമുണ്ടായിരുന്ന സ്റ്റാഫിന് പരുക്കേറ്റുവെന്നും വിവരം. നേരത്തെ ബിജെപി കേന്ദ്ര അധ്യക്ഷൻ ജെ പി നദ്ദ ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ മരിച്ച ബിജെപി പ്രവർത്തകരുടെ വീട് സന്ദർശിച്ചിരുന്നു.
അതേസമയം ബംഗാളിലെ സംഘർഷ വിഷയത്തിൽ സംസ്ഥാനം ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. ഈ സാഹചര്യത്തെ കേന്ദ്രം നേരിട്ട് പ്രത്യേക സംഘത്തെ നിയോഗിച്ചു. സംസ്ഥാനത്ത് എത്തിയ നാലംഗ ആഭ്യന്തര മന്ത്രാലയ സംഘം സംഘർഷ ബാധിത മേഖലകൾ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കും. സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം നേരിട്ട് ബോധ്യപ്പെടുകയാണ് സംഘത്തിന്റെ സന്ദർശന ലക്ഷ്യം.
Story Highlights: Violence against V Muraleedharan protestable; K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here