മൂന്നാറില്‍ സിഎസ്‌ഐ വൈദികര്‍ നടത്തിയ ധ്യാനം ചട്ടം ലംഘിച്ചെന്ന് കളക്ടറുടെ കണ്ടെത്തല്‍

മൂന്നാറില്‍ സിഎസ്‌ഐ വൈദികര്‍ നടത്തിയ ധ്യാനം ചട്ടം ലംഘിച്ചെന്ന് കണ്ടെത്തല്‍. ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ടിലാണ് 450 ഓളം പേര്‍ ധ്യാനത്തില്‍ പങ്കെടുത്തെന്നു കണ്ടെത്തിയത്. റിപ്പോര്‍ട്ട് ഇന്ന് ജില്ല കളക്ടര്‍ക്ക് കൈമാറും.
മൂന്നാറിലെ ധ്യാനത്തില്‍ 230 പേര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ എന്നായിരുന്നു സിഎസ്‌ഐ സഭ നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ സഭ നേതൃത്വത്തെ തള്ളുന്നതാണ് ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ട്. 450പേര്‍ ധ്യാനത്തില്‍ പങ്കെടുത്തു എന്നും മാസ്‌ക് ഉള്‍പ്പെടെ ധരിക്കുന്നതില്‍ വൈദികര്‍ അലംഭാവം കാണിച്ചുവെന്നുമാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.
ഏപ്രില്‍ 12 മുതല്‍ ഇടുക്കിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഏപ്രില്‍ 13 മുതല്‍ 17 വരെ നടത്തിയ ധ്യാനം ജില്ല ഭരണകൂടത്തിന്റെ അനുമതി വാങ്ങാതെയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ക്ക് കൊവിഡ് പിടിപെട്ടതോടെ സഭ വിശ്വാസികള്‍ തന്നെയാണ് സഭ നേതൃത്വത്തിനെതിരെ പരാതിയുമായി ചീഫ് സെക്രട്ടറിയെ സമീപിച്ചത്. സംഭവത്തില്‍ സംഘടകര്‍ക്കും, വൈദികര്‍ക്കും, മൂന്നാറിലെ സിഎസ്‌ഐ പള്ളി അധികാരികള്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തിരുന്നു. അതേസമയം കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ള മൂന്നാറില്‍ ഇത്രയും പേര്‍ ഒത്തുകൂടിയത്തില്‍ രഹസ്യ അന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് ജില്ല പൊലീസ് മേധാവി പരിശോധിക്കും.
Story Highlights: priest prayer, munnar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here