Advertisement

കിരീടപ്പോരാട്ടം കടുക്കുന്നു, ഗോള്‍രഹിത സമനിലയില്‍ അവസാനിച്ച്‌ ബാഴ്സയും അത്ലറ്റികോ മാഡ്രിഡും

May 8, 2021
Google News 1 minute Read

ബാഴ്‌സലോണ,സ്പാനിഷ് ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേയ്ക്ക് എത്തിയതോടെ പ്രമുഖ ടീമുകളുടെ പോരാട്ടം കടുക്കുന്നു. ഇന്ന് നടന്ന നിര്‍ണായകമായ ബാഴ്‌സലോണ-അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കടുത്ത പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.

മത്സരത്തില്‍ പതിവുപോലെ ബാഴ്‌സലോണയാണ് ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചത്. വീണുകിട്ടിയ അവസരങ്ങള്‍ പരമാവധി മുതലെടുക്കാന്‍ അത്‌ലറ്റിക്കോയും കിണഞ്ഞ് ശ്രമിച്ചതോടെ മത്സരം ആവേശത്തിലായി. മികച്ച പ്രതിരോധമാണ് ഇരുടീമുകളും പുറത്തെടുത്തത്. ബാഴ്‌സയുടെ പോസ്റ്റിനെ ലക്ഷ്യമിട്ട് 11 ഷോട്ടുകളാണ് അത്‌ലറ്റിക്കോ പായിച്ചതെങ്കില്‍ ബാഴ്‌സ 12 ഷോട്ടുകള്‍ ഉതിര്‍ത്താണ് മറുപടി നല്‍കിയത്.

ഒന്നാം പകുതിയില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ സോളോ റണ്ണും ഇടംകാലന്‍ ഷോട്ടും ഗോളായി മാറിയെന്ന് തോന്നിപ്പിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ അകന്നുപോയി. മുതിര്‍ന്ന താരം സെര്‍ജിയോ ബുസ്‌കെറ്റ്‌സിന് പരിക്കേറ്റതും ബാഴ്‌സയ്ക്ക് തിരിച്ചടിയായി. ബാഴ്‌സ വിട്ട് അത്‌ലറ്റിക്കോയിലെത്തിയ ലൂയിസ് സുവാരസും അത്‌ലറ്റിക്കോ വിട്ട് ബാഴ്‌സയിലെത്തിയ ഗ്രീസ്മാനും മുഖാമുഖം എത്തിയ പോരാട്ടമായിരുന്നു ഇന്ന് നടന്നത്.

മത്സരം സമനിലയിലായതോടെ റയല്‍ മാഡ്രിഡിന്റെ കിരീട മോഹം കൂടുതല്‍ സജീവമായി. നിലവില്‍ 35 മത്സരങ്ങളില്‍ 77 പോയിന്റുമായി അത്‌ലറ്റിക്കോ ഒന്നാമതും അത്രതന്നെ മത്സരങ്ങളില്‍ 75 പോയിന്റുമായി ബാഴ്‌സലോണ രണ്ടാമതുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here