Advertisement

ഓക്‌സിജന്‍ വിതരണത്തിന് ദൗത്യസേന രൂപീകരിച്ച് സുപ്രിംകോടതി

May 8, 2021
1 minute Read
Madhya Pradesh by-election; Supreme Court stays High Court order

രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനായി 12 അംഗ ദേശീയ ദൗത്യ സേന രൂപീകരിച്ച് സുപ്രിംകോടതി. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയാണ് ദൗത്യ സേനയുടെ കണ്‍വീനര്‍. ഗ്രാമപ്രദേശങ്ങളില്‍ അടക്കം അവശ്യ മരുന്നുകളുടെ ലഭ്യത, മാനവ വിഭവ ശേഷി എന്നിവ ഉറപ്പാക്കുന്നതില്‍ ദൗത്യ സേനയുടെ മേല്‍നോട്ടമുണ്ടാകും.

സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ഓഡിറ്റ് നടത്താനും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഡല്‍ഹിയിലെ ഓക്‌സിജന്‍ ഓഡിറ്റിനായി എയിംസിലെ ഡോ. രണ്‍ദീപ് ഗുലേറിയ അടക്കം 3 വിദഗ്ധര്‍ ഉള്‍പ്പെടുന്ന സബ് ഗ്രൂപ്പ് രൂപീകരിക്കണം. ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന് സുപ്രിംകോടതി ആവര്‍ത്തിച്ചു.

Read Also : രാജ്യത്ത് വാക്സിൻ ഓഡിറ്റ് ആവശ്യം; വിദഗ്ധ സമിതി രൂപീകരിക്കും: സുപ്രിംകോടതി

കൊവിഡ് കാലത്തെ പൊതുജന ആരോഗ്യത്തിനായി ശാസ്ത്രീയവും വൈദഗ്ധ്യവും ആയ അറിവ് ഉപയോഗിക്കുകയെന്ന യുക്തിയാണ് ദേശീയ ദൗത്യ സേന രൂപീകരിക്കുന്നതിന് പിന്നിലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ശാസ്ത്രീയവും ന്യായവുമായ അളവില്‍ ഓക്‌സിജന്‍ വിതരണം ചെയ്യുകയാണ് ദൗത്യ സേനയുടെ പ്രധാന ചുമതല.

രാജ്യത്തിന്റെ ഓക്‌സിജന്‍ ആവശ്യം വിലയിരുത്തി ശുപാര്‍ശകള്‍ തയാറാക്കണം. സംസ്ഥാനങ്ങളിലെ ഓക്‌സിജന്‍ ഓഡിറ്റിന് സൗകര്യം ചെയ്യണം. ഇതിനായി ദൗത്യ സേനയ്ക്ക് സബ് ഗ്രൂപ്പുകള്‍ രൂപീകരിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയാണ് ദേശീയ ദൗത്യ സേനയുടെ കണ്‍വീനര്‍. ആരോഗ്യ മന്ത്രാലയം സെക്രട്ടറി എക്‌സ് ഒഫിഷ്യോ അംഗമായിരിക്കും. ആരോഗ്യ വിദഗ്ധരും മുതിര്‍ന്ന ഡോക്ടര്‍മാരും അടക്കമാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ദൗത്യ സേന ഉടന്‍ ജോലി ആരംഭിക്കണം.

ഓക്‌സിജന്‍ വിതരണത്തിനായുള്ള മാനദണ്ഡങ്ങള്‍ ഒരാഴ്ചയ്ക്കകം തയാറാക്കണം. തുടക്കത്തില്‍ ആറ് മാസത്തേക്കാണ് ദൗത്യ സേനയുടെ കാലാവധി. ശുപാര്‍ശകള്‍ സമര്‍പ്പിക്കും വരെ ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെയും ഹൈക്കോടതികളുടെയും ഉത്തരവുകള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കണമെന്നും ബെഞ്ച് നിര്‍ദേശം നല്‍കി.

Story Highlights: supreme court, oxygen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top