ഓർമകളിൽ ഗൗരിയമ്മ

ബദല്‍ രേഖയുടെ പേരില്‍ എം. വി രാഘവനെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് കോട്ടയത്തെ വിശദീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കെ. ആര്‍ ഗൗരിയമ്മ. കോട്ടയം ഡി. സി ഓഫിസില്‍ പോയി ഗൗരിയമ്മയുമായി അഭിമുഖത്തിന് ഈ ലേഖകന്‍ ഇരുന്നപ്പോള്‍, കാര്‍ക്കശ്യക്കാരിയായ ഗൗരിയമ്മയുടെ മുഖമാണ് കണ്ടത്. ‘പാര്‍ട്ടി തീരുമാനത്തെ എതിര്‍ക്കുന്നവര്‍ പുറത്തുപോകും, അത് എം. വി രാഘവനായാലും, ഈ ഞാനായാലും. വ്യക്തികള്‍ക്ക് മീതെയാണ് പാര്‍ട്ടി’. ഗൗരിയമ്മയുടെ വാക്കുകള്‍ ദൃഢമായിരുന്നു. അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പാര്‍ട്ടി നേതാക്കളെല്ലാം അവര്‍ക്ക് മുമ്പില്‍ ആദരവോടെ നിന്നു. തുടര്‍ന്ന് 1987 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മയെ ഉയര്‍ത്തിക്കാട്ടിയായിരുന്നു സിപിഐഎമ്മും ഇടതുപക്ഷവും പോര്‍മുഖം തുറന്നത്. ‘കേരം തിങ്ങും കേരള നാട്ടില്‍ കെ. ആര്‍ ഗൗരി ഭരിച്ചീടും’ എന്ന് കേരളത്തിലങ്ങോളമിങ്ങോളം ചുമരെഴുതി. കേരളത്തിന്റെ വിപ്ലവ സൂര്യനെന്നും ആദ്യത്തെ നിയുക്ത വനിതാ മുഖ്യമന്ത്രിയെന്നും പ്രചാരണമുണ്ടായി.
തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോള്‍, ഗൗരിയമ്മ മുഖ്യമന്ത്രിയാവുമെന്ന് എല്ലാവരും കരുതി. എന്നാല്‍, അന്ന് പാര്‍ട്ടിയിലെ അവസാന വാക്കായ ഇഎംഎസുമായി കലഹിച്ചത് ഗൗരിയമ്മയ്ക്ക് വിനയായി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന ഇ. കെ നായനാരെ മുഖ്യമന്ത്രിയാക്കിയാണ് അന്ന് ഇഎംഎസും പാര്‍ട്ടിയും സകലരേയും അമ്പരിപ്പിച്ചത്. വ്യവസായ-എക്സൈസ് മന്ത്രിയാക്കി ഗൗരിയമ്മയെ കൂടെ നിര്‍ത്തിയെങ്കിലും പാര്‍ട്ടി നേതൃത്വം തന്നോട് അനീതികാട്ടിയെന്ന് അവര്‍ വിശ്വസിച്ചു. പാര്‍ട്ടിയില്‍ അപ്രമാദിത്വമുണ്ടായിരുന്ന സിഐടിയു ലോബിയുമായി ഇടഞ്ഞതോടെ ഗൗരിയമ്മ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ‘കണ്ണിലെ കരടായി’.
അന്ന് ടി. കെ രാമകൃഷ്ണനും എം. എം ലോറന്‍സും കെ. എന്‍ രവീന്ദ്രനാഥും അടങ്ങുന്ന ത്രയം ഗൗരിയമ്മയ്ക്ക് മുക്കുകയറിടാന്‍ രംഗത്തിറങ്ങി. പാര്‍ട്ടിയില്‍ വിമതപക്ഷത്തായ വി. എസ് അച്യുതാനന്ദന്‍ ശാന്തയാവാന്‍ ഗൗരിയമ്മയെ ഉപദേശിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല.
ഇതിനകം ഗൗരിയമ്മയെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. അച്ചടക്ക നടപടിയില്‍ ക്ഷുഭിതയായ ഗൗരിയമ്മ പൊട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ ജില്ലാ കമ്മിറ്റി ചേര്‍ന്ന് ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
ഗൗരിയമ്മയെ പുറത്താക്കിയതിനെതിരെ കേരള കൗമുദി അടക്കം പ്രമുഖ പത്രങ്ങള്‍ പാര്‍ട്ടിക്കെതിരെ മുഖപ്രസംഗം എഴുതി. അന്ന് പേരൂര്‍ക്കടയില്‍ നടന്ന സി.പി.ഐ.എം വിശദീകരണ യോഗത്തില്‍ പ്രസംഗിച്ച അന്നത്തെ സംസ്ഥാന സെക്രട്ടറി ഇ.കെ നായനാര്‍ പറഞ്ഞു ‘ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയത് ഗൗരിയമ്മ ആയാലും പുറത്തു പോകേണ്ടി വരും. ഗൗരിയമ്മയെ പുറത്താക്കുന്നതില്‍ കേരള കൗമുദി അടക്കമുള്ളവര്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നെങ്കില്‍ നേരത്തെ പറയണമായിരുന്നു. പുറത്താക്കിയ നടപടി പുനഃ പരിശോധിക്കാന്‍ കഴിയില്ല.’
ഗൗരിയമ്മയെ പുറത്താക്കിയ നടപടി പിന്നീട് പാര്‍ട്ടിയില്‍ വലിയ കോളിളക്കമുണ്ടാക്കി. 1999 ല്‍ പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പിടിച്ചടക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. ഗൗരിയമ്മയെ പുറത്താക്കുന്നതില്‍ മുന്നില്‍ ഉണ്ടായിരുന്ന എം.എം. ലോറന്‍സും, രവീന്ദ്രനാഥും അടക്കമുള്ള സി.ഐ.ടി.യു നേതാക്കളെ വെട്ടിനിരത്തി. ഇ.എം.എസ് പോലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മാരാരിക്കുളത്ത് വി.എസിനെ ചില നേതാക്കള്‍ തോല്‍പ്പിച്ചതും അന്ന് പാര്‍ട്ടിയില്‍ വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. അതിന്റെ കൂടി പ്രതികാരമാണ് പാലക്കാട് കണ്ടത്.
പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയ ശേഷം ഒരിക്കല്‍ മറ്റൊരു അഭിമുഖത്തില്‍ ഗൗരിയമ്മയോട് ചോദിച്ചു. വ്യക്തികള്‍ക്ക് മീതെയാണ് പാര്‍ട്ടി എന്ന് എം.വി രാഘവനെ പുറത്താക്കിയപ്പോൾ പറഞ്ഞല്ലോ, താങ്കളുടെ കാര്യത്തിലും അത് ബാധകമല്ലേ?
‘ഞാന്‍ ഒരിക്കലും പാര്‍ട്ടിക്കെതിരെ പോരാടിയിട്ടില്ല. പാര്‍ട്ടിയിലെ ചില നേതാക്കളുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെയായിരുന്നു എന്റെ പോരാട്ടം. പിന്നീട് ഗൗരിയമ്മ ഇടതുപക്ഷത്തേക്ക് തിരിച്ചെത്തിയെങ്കിലും, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ മടങ്ങി വന്നില്ല.
വി.എസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളും കപ്പിനും, ചുണ്ടിനുമിടയില്‍ ഫലം കാണാതെ പോയി. എന്നാല്‍ വി.ജെ.ടി ഹാളില്‍ നിശ്ചലമായി കിടന്ന ഗൗരിയമ്മയുടെ ഭൗതിക ശരീരത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ച് സി.പി.ഐ.എം തെറ്റ് തിരുത്തി. സാക്ഷികളായി എം.എ ബേബിയും, എ. വിജയരാഘവനും. താന്‍ ജീവന് തുല്യം സ്നേഹിച്ച പാര്‍ട്ടി പതാക പുതച്ച് അന്ത്യയാത്രയാ വണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here