തൃശൂർ മെഡിക്കൽ കോളജിൽ രോഗി മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ

തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ. വാടാനപ്പളളി സ്വദേശിയായ നകുലൻ ചൊവ്വാഴ്ച രാത്രിയാണ് കൊവിഡ് വാർഡിൽ മരിച്ചത്. ചികിത്സ വൈകുന്നെന്ന് പറഞ്ഞ് നകുലൻ സോഷ്യൽ മീഡിയയിൽ വീഡിയോ സന്ദേശം ഇട്ടിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് വാടാനപ്പളളി സ്വദേശി നകുലൻ ഡയാലിസിസിനായി തൃശൂർ മെഡിക്കൽ കോളജ് എത്തിയത്. കൊവിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവായി. തുടർന്ന് ആശുപത്രിയിൽ ശരിയായ പരിചരണം ലഭിച്ചില്ലെന്ന് നകുലൻ വാട്സ്ആപ്പ് ഗ്രൂപ്പുകളിലിട്ട വിഡിയോ സന്ദേശത്തിൽ പറയുന്നു. രണ്ട് വിഡിയോകളാണ് നകുലൻ സുഹൃത്തുക്കൾക്കുൾപ്പടെ അയച്ചത്. രണ്ടാമത്തെ വിഡിയോയിൽ കൊവിഡ് വാർഡിലേക്ക് മാറ്റിയെന്നും എന്നാൽ ഡയാലിസിസ് രോഗിക്ക് ലഭിക്കേണ്ട പരിചണമോ വെള്ളം ഭക്ഷണം എന്നിവയൊന്നും കിട്ടിയില്ലെന്നും പറയുന്നുണ്ട്. ആരോഗ്യവകുപ്പിന് ഉടൻ പരാതി നൽകുമെന്ന് നകുലന്റെ ബന്ധുക്കൾ അറിയിച്ചു.
എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് മെഡി. കോളേജ് അധികൃതരുടെ വിശദീകരണം. കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ബെഡ് അനുവദിക്കുന്നതിനുള്ള കാല താമസം മാത്രമാണ് ഉണ്ടായത്. പിന്നീട് അത്യാസന്ന നിലയിലെത്തിയ മറ്റൊരു രോഗിക്ക് വേണ്ടിയാണ് ആ ബെഡിൽ നിന്ന് കുറച്ചുനേരത്തേക്ക് നകുലനെ മാറ്റിയത്. ആരോഗ്യ നില വഷളായതിനെതുടർന്ന് നകുലനെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നും മെഡി. കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയെന്ന് ഡിഎംഒ വ്യക്തമാക്കി.
Story Highlights: DMO requesting investigation report in thrissur medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here