ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യാ സന്തോഷിന്റെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങി

ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യാ സന്തോഷിൻ്റെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങി. ഏറ്റവുമടുത്ത ദിവസം തന്നെ സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. അതേസമയം, മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇസ്രയേലിലെ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യാ സന്തോഷിന്റെ മൃതദേഹം ഏറ്റവും അടുത്ത ദിവസം തന്നെ നാട്ടിലെത്തിക്കും. നാട്ടിലേക്കെത്തിക്കാനുള്ള അവസാനവാട്ട നടപടിക്രമങ്ങൾ പൂർത്തിയായി വരുകയാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. ഒപ്പം ഇസ്രായേലിലെ ഇന്ത്യക്കാർ സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയണമെന്നും അവശ്യഘട്ടങ്ങളിൽ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മലയാളമടക്കമുള്ള നാല് ഭാഷകളിലാണ് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരും സൗമ്യയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുവേണ്ടി പരിശ്രമിച്ചിരുന്നു.
സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരം നേടികൊടുക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി എം പി ഡീൻ കുര്യക്കോസും ഇന്ത്യൻ എംബസിക്ക് കത്ത് അയച്ചിരുന്നു.
കഴിഞ്ഞ 9 വർഷമായി ഇസ്രായേലിൽ കെയർ ജോലി ചെയ്യുകയായിരുന്നു സൗമ്യ. 10 വയസുള്ള ഒരു മകനുണ്ട്. സൗമ്യയുടെ മരണത്തോടെ ഇസ്രായേലിലെ മലയാളി സമൂഹവും കടുത്ത ആശങ്കയിലാണ്. ഇസ്രയേലിലെ അഷ്‌കലോൺ നഗരത്തിന് നേർക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം. ഇന്ത്യൻ സമയം 6.30 ഓടെയാണ് സൗമ്യ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേൽ വനിതയും മരിച്ചു.
Story Highlights: Indian Embassy has received the body of Soumya Santhosh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here