മഴ മുന്നറിയിപ്പ്; കൊല്ലത്തേക്കും പത്തനംതിട്ടയിലേക്കും എന്‍ഡിആര്‍എഫ് സംഘം

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ സേന സംഘം കൊല്ലത്തേക്ക് യാത്ര തിരിച്ചു. കനത്ത മഴ തുടരുന്ന പത്തനംതിട്ടയിലേക്കും എന്‍ഡിആര്‍എഫ് സംഘമെത്തി. ആരക്കോണം നാലാം ബറ്റാലിയനും എത്തും. വെള്ളപ്പൊക്കം രൂക്ഷമായാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ 540 ക്യാമ്പുകള്‍ സജ്ജമായി. ജില്ലാ ആസ്ഥാനത്ത് ഹെല്‍പ് ഡെസ്‌ക് സജ്ജമായെന്നും വിവരം.
അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 40 കിലോമീറ്റര്‍ വേഗത്തില്‍ ഉള്ള കാറ്റിനും ഇടിമിന്നലിനും സാധ്യത.
അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുകയാണ്. നാളെയോടെ തീവ്രന്യൂനമര്‍ദമാകും. ഞായറാഴ്ച ടൌട്ട ചുഴലിക്കാറ്റായി വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കും. ചുഴലിക്കാറ്റിന്റെ സഞ്ചാര പഥം കേരള തീരത്തിനോട് അടുത്ത നില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു.
മണിക്കൂറില്‍ 80 കിലോമീറ്ററിലേറെ വേഗതിയില്‍ കാറ്റ് വീശും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും റെഡ് മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ 20 സെന്റീമീറ്ററിന് മുകളില്‍ മഴയുണ്ടാകും.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ ആവശ്യമെങ്കില്‍ മാറി താമസിക്കണം.
കേരള തീരത്ത് ഇനി ഒരു അറിയിപ്പുണ്ടാകും വരെ മത്സ്യ ബന്ധനം നിരോധിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അപകട സാധ്യത മുന്നില്‍ കണ്ട് ക്യാമ്പുകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കി. കൊവിഡ് മാനദണ്ഡം പാലിച്ച് ക്യാമ്പ് സജ്ജീകരിക്കേണ്ടത്. ലക്ഷദ്വീപില്‍ ഇന്നും നാളെയും അതീ തീവ്രമഴയുണ്ടാകും.
Story Highlights: ndrf, rain alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here