ഒളിമ്പിക്സ് റദ്ദാക്കണം; ആവശ്യവുമായി മൂന്നര ലക്ഷത്തിലധികം പേർ ഒപ്പിട്ട ഓൺലൈൻ നിവേദനം

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ടോക്യോ ഒളിമ്പിക്സ് റദ്ദാക്കണമെന്ന ആവശ്യവുമായി ഓൺലൈൻ നിവേദനം. മൂന്നര ലക്ഷത്തിലധികം ആളുകളാണ് നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്. ഒളിമ്പിക്സിനു മുകളിൽ ജീവിതത്തിനു പ്രാധാന്യം നൽകണമെന്ന് നിവേദകർ ആവശ്യപ്പെടുന്നു.
കൊവിഡ് രോഗവ്യാപനത്തെ തുടർന്നുള്ള ആശങ്കയെ തുടർന്ന് ടോക്യോ ഒളിമ്പിക്സിൽ നിന്ന് ഉത്തര കൊറിയ പിന്മാറിയിരുന്നു. രാജ്യത്തെ കായിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശീതയുദ്ധത്തെ തുടർന്ന് 1988 ലെ സോൾ ഒളിമ്പിക്സിൽ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ഒരു ഒളിമ്പിക്സിൽ പങ്കെടുക്കാതെയിരിക്കുന്നത്.
ഒളിമ്പിക്സിൽ വിദേശ കാണികളെ വിലക്കിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. വിദേശ കാണികൾ ഒളിമ്പിക്സിനെത്തിയാൽ കൊവിഡ് വ്യാപന ഭീഷണി വർധിക്കുമെന്ന് കണക്കുകൂട്ടിയാണ് തീരുമാനം. നിരവധി രാജ്യങ്ങളിൽ ഇപ്പോഴും കൊവിഡ് ബാധ നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ വിദേശ കാണികൾക്ക് പ്രവേശനം അനുവദിക്കുന്നത് സുരക്ഷിതമായിരിക്കില്ല എന്നുമാണ് കണക്കുകൂട്ടൽ. ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഏകദേശം 900,000 ടിക്കറ്റുകളാണ് ജപ്പാനു പുറത്ത് വിറ്റഴിച്ചിട്ടുള്ളത്. മാർച്ച് 25നാണ് ദീപശിഖാ പ്രയാണം ആരംഭിക്കുന്നത്. അതിനു മുൻപായി ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് സൂചന. അടുത്തിടെ നടത്തിയ ഒരു സർവേയിൽ 75 ശതമാനം ആളുകളും വിദേശ കാണികൾ ഒളിമ്പിക്സിനെത്തുന്നതിനെ എതിർത്തിരുന്നു.
ജൂലായ് 23നാണ് ഒളിമ്പിക്സ് ആരംഭിക്കുക.
Story Highlights: Petition To Cancel Olympics Submitted In Tokyo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here