രാജ്യത്ത് ഞായറാഴ്ച മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 50 ഡോക്ടർമാർ: ഐഎംഎ

ഞായറാഴ്ച മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 50 ഡോക്ടർമാരെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രണ്ടാം തരംഗത്തിൽ ആകെ 244 ഡോക്ടർമാരാണ് മരണത്തിനു കീഴടങ്ങിയത്. ആദ്യ തരംഗത്തിൽ 736 ഡോക്ടർമാർ മരണപ്പെട്ടു. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് ആയിരത്തിലധികം ഡോക്ടർമാർ ആണെന്നും ഐഎംഎ പറഞ്ഞു.
രണ്ടാം തരംഗത്തിൽ ഏറ്റവുമധികം ഡോക്ടർമാർ മരിച്ചത് ബീഹാറിലാണ്. 69 പേർ മരണപ്പെട്ടു. ഉത്തർപ്രദേശിൽ 34 ഡോക്ടർമാരും ഡൽഹിയിൽ 27 ഡോക്ടർമാരും മരിച്ചു. ഇവരിൽ മൂന്ന് ശതമാനം പേർ മാത്രമാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത്.
രാജ്യത്തെ കൊവിഡ് ബാധ അതിതീവ്രമായി തുടരുകയാണ്. 2,63,533 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4329 പേർ മരണപ്പെട്ടു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. ആകെ രാജ്യത്ത് 2,52,28,996 പേർക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായി കഴിയുന്നത് 33,53,765 പേരാണ്. രാജ്യത്തെ ആകെ മരണം 2,78,719 ആയി.
രണ്ടരക്കോടി കൊവിഡ് ബാധിതർ ഉണ്ടാവുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ആദ്യമായി രണ്ടരക്കോടി കൊവിഡ് രോഗികളിൽ എത്തിയത്. 4,22,000 പേർ ഇന്നലെ രോഗമുക്തരായി. നിലവിൽ ചികിത്സയിൽ ഇരിക്കുന്നവരുടെ എണ്ണം 33.53 ലക്ഷമായി കുറഞ്ഞു. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 1000 പേർ മരണപ്പെട്ടു.
Story Highlights: 50 Doctors Reported Dead In 1 Day: Medical Body
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here