23
Jun 2021
Wednesday

സത്യപ്രതിജ്ഞാ ചടങ്ങ് ഭരണഘടനാ ബാധ്യതയാണെന്ന് എ.കെ. ബാലന്‍

സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഭരണഘടനാ ബാധ്യതയാണെന്ന് മന്ത്രി എ.കെ ബാലന്‍. സാധാരണ ഗതിയില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കേണ്ട ചടങ്ങാണ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.പ്രോട്ടോക്കോള്‍ ലംഘനമാണ്, ആര്‍ഭാടമാണ്,എന്നു പറയുന്നവര്‍, ഈ ഗവണ്മെന്റിന് തുടര്‍ച്ചയുണ്ടാവണമെന്ന് ആഗ്രഹിച്ചവരല്ല എന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എന്നാല്‍ കൊവിഡ് മഹാമാരിക്കാലത്തെ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് വിശാലമായ സ്ഥലത്ത്, അനിവാര്യമായ ചുരുങ്ങിയ പങ്കാളിത്തത്തോടെ, ഔപചാരിക ചടങ്ങായി മാത്രം ചുരുക്കി സത്യപ്രതിജ്ഞ നടത്താന്‍ നിര്‍ബന്ധിതമായ സാഹചര്യത്തെക്കുറിച്ച്‌ ബഹു. മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മെയ് 20ന് നടക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്‍്റെ സത്യപ്രതിജ്ഞ ചടങ്ങിനെ ചൊല്ലി അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ ശ്രമം നടക്കുകയാണല്ലോ. എന്താണ് വസ്തുത ?

സാധാരണ ഗതിയില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കേണ്ട ചടങ്ങാണ് സര്‍ക്കാരിന്‍്റെ സത്യപ്രതിജ്ഞാ ചടങ്ങ്. എന്നാല്‍ കോവിഡ് മഹാമാരിക്കാലത്തെ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് വിശാലമായ സ്ഥലത്ത്, അനിവാര്യമായ ചുരുങ്ങിയ പങ്കാളിത്തത്തോടെ, ഔപചാരിക ചടങ്ങായി മാത്രം ചുരുക്കി സത്യപ്രതിജ്ഞ

നടത്താന്‍ നിര്‍ബന്ധിതമായ സാഹചര്യത്തെക്കുറിച്ച്‌ ബഹു. മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്.

ഇതും ആര്‍ഭാടമാണ്, പ്രോട്ടോക്കോള്‍ ലംഘനമാണ് എന്നു പറയുന്നവര്‍, ഈ ഗവണ്മെന്‍്റിന് തുടര്‍ച്ചയുണ്ടാവണമെന്ന് ആഗ്രഹിച്ചവരല്ല; ആഗ്രഹിക്കുന്നവരുമല്ല. ജനമനസ്സില്‍ എല്‍ ഡി എഫ് ഗവണ്മെന്‍്റ് ഒരു വലിയ പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്. അതിന്‍്റെ തുടര്‍ച്ചയായി ഈ ഗവണ്മെന്‍്റിനെ ശക്തിപ്പെടുത്താനാണ് ജനങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നവരില്‍ മാത്രമല്ല, മറ്റ് വിഭാഗങ്ങളിലും ഈ വികാരം കാണാം.

കോവിഡ്- 19 രോഗ പ്രതിരോധത്തിനായി ഗവണ്മെന്‍്റ് തന്നെ രൂപം നല്‍കിയ പ്രോട്ടോക്കോള്‍, മറ്റ് നടപടിക്രമങ്ങള്‍ എന്നിവയുടെ പേരില്‍ വീട്ടിലിരിക്കേണ്ടവരല്ല ജനപ്രതിനിധികളും ചില മേഖലകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും. ഉദാഹരണമായി ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് ഉള്‍പ്പെടെ അവശ്യ സര്‍വീസുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി പ്രതിസന്ധി ഘട്ടത്തില്‍ മുന്നില്‍ നില്‍ക്കേണ്ടവരാണ് ജനപ്രതിനിധികളും അവശ്യ സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും.

ഇവര്‍ വീട്ടില്‍ തന്നെയിരുന്നാല്‍ രോഗ പ്രതിരോധ നടപടികള്‍ താളം തെറ്റും. സാധാരണ ജനങ്ങള്‍ സുരക്ഷിതരായി വീട്ടിലിരിക്കാന്‍ വേണ്ടി അപകടകരമായ സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നവരാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജീവനക്കാരും. അവര്‍ പ്രോട്ടോക്കോളിന് പൂര്‍ണമായും വിധേയമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരല്ല.

കോവിഡിനോട് മുഖാമുഖം നിന്ന് സാഹസികമായി പൊരുതുന്നവരാണവര്‍. ചിലപ്പോള്‍ അവര്‍ക്ക് അതിന്‍്റെ ഭാഗമായി കിട്ടുന്നത് മരണമായിരിക്കും. തന്‍്റെ മുന്നില്‍ പ്രോട്ടോക്കോള്‍ ആണുള്ളത് എന്നു പറഞ്ഞ് ഇത്തരം ഘട്ടങ്ങളില്‍ അവര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് മാറാന്‍ കഴിയില്ല. അങ്ങനെയൊരു വിഭാഗം ഇല്ലെന്നു കരുതുക. എന്തായിരിക്കും സ്ഥിതി?

സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഭരണഘടനാ ബാധ്യതയാണ്. ഇത് വേണമെങ്കില്‍ ഗവര്‍ണര്‍ താമസിക്കുന്ന രാജ്ഭവനില്‍ നടത്താം. സ്ഥലപരിമിതിയുള്ള രാജ്ഭവനില്‍ നടത്തുന്നതിനേക്കാള്‍ സുരക്ഷിതമാണ് വിശാലമായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടത്തുന്നത്. 50000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്ഥലത്ത് 500 പേരെ മാത്രം പങ്കെടുപ്പിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. ഇവിടെ പങ്കെടുക്കുന്നവര്‍ എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ആര്‍ ടി പി സി ആര്‍ ടെസ്റ്റ് അതല്ലെങ്കില്‍ രണ്ട് തവണ വാക്സിനേഷന്‍ നടത്തിയതിന്‍്റെ സര്‍ട്ടിഫിക്കറ്റ്, ഡബിള്‍ മാസ്ക് എന്നിവ നിര്‍ബന്ധമാണ്. സുരക്ഷിതമായ അകലത്തിലാണ് എല്ലാവരും ഇരിക്കുക. അവര്‍ മുഖേന സത്യപ്രതിജ്ഞാ ചടങ്ങില്‍ ആര്‍ക്കും രോഗം പകരില്ല. കാരണം, വരുന്നവര്‍ പരിപൂര്‍ണമായും മാനദണ്ഡങ്ങള്‍ പാലിച്ച്‌ സുരക്ഷിതരാണ് എന്നതാണ്. പക്ഷേ നാളെ ഇവര്‍ മറ്റൊരു സ്ഥലത്ത് പോവുകയും മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കാതിരിക്കുകയും ചെയ്താല്‍ രോഗ വ്യാപനം നടന്നേക്കാം.

ഡോക്ടര്‍ രോഗിയെ പരിശോധിക്കുന്നതും ചികിത്സിക്കുന്നതും നഴ്സ് പരിചരിക്കുന്നതും അപകടത്തിന്‍്റെ പരിധിക്കുള്ളില്‍ നിന്നാണ്. പൊലീസ് വാഹനങ്ങള്‍ നിര്‍ത്തി ആളെ പരിശോധിക്കുന്നതും ഇതേ അപകട സാഹചര്യത്തില്‍ തന്നെയാണ്. നിയന്ത്രിതമായ വിശാലമായ സ്ഥലത്ത്, പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചു നടത്തുന്ന ഇത്തരം ചടങ്ങുകളില്‍ നിന്നല്ല രോഗവ്യാപനം ഉണ്ടാകുന്നത്.

എം എല്‍ എ മാര്‍ ലജിസ്ലേച്ചറിന്‍്റെ ഭാഗമാണ്. എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയെയും ഒഴിവാക്കാന്‍ കഴിയില്ല. കോടതികള്‍ പ്രവര്‍ത്തിക്കേണ്ടി വരും. ഭരണ സംവിധാനം പ്രവര്‍ത്തിച്ചേ തീരൂ. ഈ ചുമതലകളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ക്ക് ഒഴിയാനാവില്ല. ചുമതല നിര്‍വഹിക്കുമ്ബോള്‍ റിസ്കുമുണ്ട്. ഈ പ്രവര്‍ത്തനത്തിനിടയില്‍ ചിലപ്പോള്‍ അറിയാതെ എപ്പോഴെങ്കിലും പ്രോട്ടോക്കോള്‍ ലംഘിക്കപ്പെട്ടേക്കാം. ഇതു പോലെയല്ല ജനങ്ങള്‍. ജനങ്ങളെ സംരക്ഷിക്കാനും പരിരക്ഷ കൊടുക്കാനുമാണ് ജനപ്രതിനിധികള്‍. ജനപ്രതിനിധികള്‍ റിസ്കെടുത്തേ പറ്റൂ. പക്ഷേ അവര്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തുന്നത് പൂര്‍ണമായ മുന്‍കരുതലെടുത്ത് സുരക്ഷിതരായാണ്. ചടങ്ങ് കഴിഞ്ഞാല്‍ അവര്‍ വീണ്ടും പ്രവചിക്കാന്‍ കഴിയാത്ത അപകട സാഹചര്യങ്ങളിലാകും പ്രവര്‍ത്തിക്കുക. അതിന് പോകണ്ട എന്ന് പറയാന്‍ കഴിയില്ല.

ഈ വ്യത്യസ്ത സാഹചര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ചിലര്‍ അനാവശ്യ വിവാദമുണ്ടാക്കുന്നത്. ഗവണ്മെന്‍്റിന്‍്റെ വരവില്‍ സന്തോഷമില്ലാത്ത ദോഷൈകദൃക്കുകളാണ് ഇതിന്‍്റെ പിന്നില്‍. ഗവണ്മെന്‍്റിന്‍്റെ തുടക്കത്തില്‍ തന്നെ എന്തെങ്കിലുമൊരു വിവാദമുണ്ടാക്കണമെന്നേയുള്ളൂ അവര്‍ക്ക്. വസ്തുതകള്‍ മനസ്സിലാക്കി ഇവരുടെ ദുഷ്പ്രചാരണത്തെ തള്ളിക്കളയണമെന്ന് അഭ്യര്‍ഥിക്കുന്നു.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top