ബീഡി തൊഴിലാളിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി; പോകുന്നില്ലെന്ന് ജനാർദ്ദനൻ

അഞ്ച് പതിറ്റാണ്ട് കാലത്തെ ജീവിത സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ ജനാർദ്ദനനനെ മലയാളികൾക്ക് അത്ര വേഗം മറക്കാൻ കഴിയില്ല. വാക്സീൻ ചലഞ്ചിനായി പണം നല്‍കിയ അദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ ആദരം. ബീഡി തൊഴിലാളിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
എന്നാല്‍ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങിന് പോകുന്നില്ലെന്ന് ബീഡി തൊഴിലാളി ജനാർദ്ദനൻ പറഞ്ഞു. തന്നെ ക്ഷണിച്ചതിന് മുഖ്യമന്ത്രിയോട് പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ട്. ഈ സാഹചര്യത്തിൽ യാത്ര ചെയ്യാനില്ല, മനസ് കൊണ്ട് ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ആകെയുള്ള സമ്പാദ്യമായിരുന്ന 2,00,850 രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. കേൾവി കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങൾ അലട്ടിയിട്ടും തളരാതെ അധ്വാനിച്ചുണ്ടാക്കിയ പണമാണ് ജനാർദ്ദനൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here