അഞ്ചര പതിറ്റാണ്ടിന് ശേഷം സിപിഐയിൽ നിന്ന് ഒരു വനിതാ മന്ത്രി

ഇത്തവണത്തെ പിണറായി വിജയൻ മന്ത്രിസഭയ്ക്ക് പ്രത്യേകതകളേറെയാണ്. മൂന്ന് വനിതാ മന്ത്രിമാർ എന്നത് അതിലൊന്ന് മാത്രം. അതിൽ എടുത്ത് പറയേണ്ടത് ജെ.ചിഞ്ചുറാണിയുടെ മന്ത്രിസ്ഥാനം തന്നെയാണ്. പാർട്ടി പിളർപ്പിന് ശേഷം ഇതാദ്യമായാണ് സിപിഐയിൽ നിന്ന് ഒരു വനിതാ മന്ത്രിയുണ്ടാകുന്നത്. കൃത്യമായി പറഞ്ഞാൽ 54 വർഷത്തിന് ശേഷം !
സിപിഐ പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധങ്ങളും വെല്ലുവിളികളും തരണം ചെയ്‍താണ് കൊല്ലം ചടയമംഗലത്ത് നിന്ന് വിജയിച്ച ജെ ചിഞ്ചു റാണി രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി പദത്തിലെത്തുന്നത്.

കൊല്ലം ജില്ലയില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നായിരുന്നു സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലെ ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിഞ്ചു റാണി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ സ്ഥാനാര്‍ത്ഥി നിർണയത്തിന് ശേഷം പ്രാദേശിക സിപിഐ പ്രവര്‍ത്തകര്‍ തന്നെ ചിഞ്ചുറാണിക്കെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പ്രാദേശിക നേതാവ് എ.മുസ്തഫയെ മത്സരിപ്പിക്കുകയെന്നതായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. ചിഞ്ചു റാണിയെ തോൽപ്പിക്കും, ചിഞ്ചു റാണി ഗോ ബാക്ക് എന്നീ മുദ്രാവാക്യങ്ങളും ഉയര്‍ത്തിയാണ് സിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. എന്നാൽ തനിക്കെതിരായ പ്രതിഷേധങ്ങളെ കാറ്റിൽ പറത്തി13,009 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ചടയമംഗലത്ത് നിന്നും ചിഞ്ചുറാണി വിജയിച്ചു.

ബാലവേദിയിലൂടെയാണ് ചിഞ്ചുറാണി പൊതുജീവിതം ആരംഭിച്ചത്. സ്കൂൾ -കോളജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കലാ- കായിക രംഗങ്ങളിൽ മികവ് പുലർത്തിയിരുന്നു. വിദ്യാഭ്യാസ കാലത്ത് തന്നെ എഐഎസ്എഫ് പ്രവർത്തകയാ യിരുന്ന ചിഞ്ചുറാണി ഇരവിപുരം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി.
കൊല്ലം കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ജില്ലാപഞ്ചായത്ത് അംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഐ ദേശീയ കൗൺസിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്. കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ്, പൗൾട്രി കോർപ്പറേഷൻ ചെയർപേഴ്സൺ, സി അച്യുതമേനോൻ സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്.

1990 മുതൽ തന്നെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്ന നേതാവാണ് ചിഞ്ചുറാണി. ഗ്രാമപഞ്ചായത്തിലും, ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും മത്സരിച്ച് വിജയിച്ചിട്ടുണ്ട്. ഇവിടെയെല്ലാം തന്റെ നേതൃപാഠവം തെളിയിച്ചിട്ടുണ്ട്. ചിഞ്ചുറാണി ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കന്നിയങ്കത്തിൽ തന്നെ മന്ത്രിപദവും ലഭിച്ചു.
Story Highlights: j chinchurani cpi gets women minister after 5 decades
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here