ആശുപത്രിക്ക് പകരം വീട്ടിൽ വാക്സിനെടുത്തു; ക്രിക്കറ്റ് താരം കുൽദീപ് യാദവിനെതിരെ അന്വേഷണം

ഗസ്റ്റ് ഹൗസിൽ കൊവിഡ് വാക്സിൻ സ്വീകരിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവിനെതിരെ അന്വേഷണം. കാൺപൂർ ജില്ലാ ഭരണകൂടമാണ് ഇന്ത്യൻ താരത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സ്ലോട്ട് ബുക്ക് ചെയ്ത ആശുപത്രിയിൽ പോകാതെ യ്ഹാരം ഗസ്റ്റ് ഹൗസിൽ വച്ച് കൊവിഡ് വാക്സിൻ സ്വീകരിക്കുകയായിരുന്നു.
ശനിയാഴ്ച ആയിരുന്നു സംഭവം. താൻ വാക്സിൻ എടുക്കുന്നതിൻ്റെ ചിത്രം പിന്നീട് കുൽദീപ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു. അവസരം ലഭിക്കുമ്പോൾ എത്രയും വേഗം വാക്സിൻ എടുക്കണമെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നുമുള്ള അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഇതോടെയാണ് താരം വാക്സിൻ എടുത്തത് ആശുപത്രിയിൽ നിന്നല്ലെന്ന് വ്യക്തമായത്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കാൺപൂർ നഗർ നിഗം ഗസ്റ്റ് ഹൗസിൽ വച്ചാണ് താരം വാക്സിൻ എടുത്തത്. ഗോവിന്ദ് നഗറിലെ ജഗേശ്വർ ആശുപത്രിയിലാണ് അദ്ദേഹത്തിന് സ്ലോട്ട് ബുക്ക് ചെയ്തിരുന്നത്. കാൺപൂർ ജില്ലാ മജിസ്ട്രേറ്റ് അലോക് തിവാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Story Highlights: probe as Kuldeep Yadav takes Covid vaccine at ‘guest house’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here