15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനം 24, 25 തീയതികളിൽ; പ്രോടൈം സ്പീക്കറായി പിടിഎ റഹീം

15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24, 25 തീയതികളിൽ വിളിച്ചുചേർക്കുന്നതിനായി ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കുന്നമംഗലത്തുനിന്നുള്ള നിയമസഭാംഗം അഡ്വ. പിടിഎ റഹീമിനെ പ്രോടൈം സ്പീക്കറായി നിയോഗിക്കാനുള്ള ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംസ്ഥാനത്തെ അഡ്വക്കറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് അഡ്വ. ടി എ ഷാജി ആയിരിക്കും. സംസ്ഥാന പ്ലാനിങ് ബോർഡ് ഉപാധ്യക്ഷനായി ശ്രീ. വി കെ രാമചന്ദ്രനെ നിയമിച്ചു.
അടുത്ത അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്രും ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അഗതിയായ ഓരോ വ്യക്തിയേയും, ദാരിദ്ര്യത്തിൽ കഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ഗാർഹികവുമായ പദ്ധതികളിലൂടെ ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ആരോഗ്യം വിദ്യാഭ്യാസം പാർപ്പിടം എന്നീ മേഖലകളിലെ പദ്ധതികൾ പൂർത്തീകരിക്കാനാണ് സർക്കാരിന്റെ മുൻഗണന. ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ നയം രൂപീകരിക്കും. ഒരാളേയും ഒഴിച്ചു നിർത്താത്ത വികസന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്നും 25 വർഷം കൊണ്ട് കേരളത്തിൻ്റെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങൾക്കൊപ്പമെത്തിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
Story Highlights: First Session of the 15th Kerala Legislative Assembly on the 24th and 25th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here