തുടർ ഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയ തുടക്കം : മുഖ്യമന്ത്രി

എൽഡിഎഫിന്റെ തുടർ ഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാൻ ദീർഘദൃഷ്ടിയുള്ള ഇടപെടലുകളാണ് കഴിഞ്ഞ അഞ്ച് വർഷം സർക്കാർ നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണി പറഞ്ഞുകൊണ്ടാണ് രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള ആദ്യ വാർത്താ സമ്മേളനം പിണറായി വിജയൻ ആരംഭിച്ചത്. കേരളത്തിൻ്റെ സാമൂഹ്യ അടിത്തറ പാകിയത് 1957ലെ കമ്മ്യൂണിസ്റ്റ് സർക്കാരാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഭൂപരിഷ്കരണവും, അധികാരവികേന്ദ്രീകരണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും, വിദ്യാഭ്യാസ ബില്ലും, സാമൂഹിക നീതി ഉറപ്പാക്കാനുള്ള നീക്കങ്ങളും ഇടത് പക്ഷം നയിച്ച സർക്കാരാണ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിയുടെ രൂപീകരണം, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നിവ എടുത്ത് പറയേണ്ടതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ ഇടപെടലുകൾ വലിയ കുതിപ്പാണ് കേരളത്തിനുണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ വർഷവും സർക്കാർ പൂർത്തിയാക്കിയ കാര്യങ്ങൾ പ്രോഗ്രസ് റിപ്പോർട്ടായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് രാജ്യത്തിനാകെ തന്നെ അത്ഭുതമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷതയിലും നവോത്ഥാന മൂല്യങ്ങളിലും അടിയുറച്ച് നിൽക്കുന്ന പാരമ്പര്യം സംരക്ഷിക്കുന്നതിന് സർക്കാർ ശക്തമായി ഇടപെട്ടു. പൊരത്വ ഭേദഗിത നിയമം നടപ്പാക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പലഭാഗത്തും വർഗീയ സംഘർഷങ്ങൾ ആളിപ്പടർന്നപ്പോഴും മതസൗഹാർദത്തിന്റെ നാടായി കേരളത്തെ നിലനിർത്തുമെന്ന വാഗ്ദാനം നടപ്പാക്കാനായി എന്നതാണ് കഴിഞ്ഞ വർഷത്തെ പ്രധാന കാര്യമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here