കോണ്‍ഗ്രസ് നേതൃമാറ്റം; വി എം സുധീരനും പി ജെ കുര്യനും ഹൈക്കമാന്‍ഡിന് കത്തയച്ചു

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കളായ വി എം സുധീരനും പി ജെ കുര്യനും ഹൈക്കമാന്‍ഡിന് കത്തയച്ചു. പാര്‍ട്ടിയില്‍ ഗുണപരവും സമൂലവുമായ മാറ്റം വേണമെന്നാണ് ആവശ്യം.
മുകള്‍ത്തട്ട് മുതല്‍ താഴേത്തട്ടുവരെ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും ഗ്രൂപ്പിന് അതീതമായ മാറ്റമാണ് കോണ്‍ഗ്രസിന് ആവശ്യമെന്നും നേതാക്കള്‍. ഗ്രൂപ്പുകളെയല്ല, പാര്‍ട്ടിയെയാണ് ദേശീയ നേതൃത്വം സംരക്ഷിക്കേണ്ടത്. നിലവിലെ പരാജയം ലഘൂകരിക്കരുതെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
നിലവില്‍ ഗ്രൂപ്പ് നേതാക്കള്‍ ശ്രമിക്കുന്നത് പാര്‍ട്ടിയെ സംരക്ഷിക്കാനോ വളര്‍ത്താനോ അല്ലെന്ന് ഗ്രൂപ്പിന് അതീതരായ പല നേതാക്കളും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വിവരം. സംസ്ഥാനത്തെ ഗ്രൂപ്പുകള്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് നിലനില്‍ക്കുന്നത്. അതില്‍ ദേശീയ നേതൃത്വം വഴങ്ങരുതെന്നും പല നേതാക്കളും ആവശ്യപ്പെട്ടു.
അതേസമയം കേരളത്തിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി ഡി സതീശന് ഒപ്പം പി ടി തോമസിന്റെ പേരും പരിഗണിക്കുന്നുണ്ട്. വി ഡി സതീശന് എതിരെയുള്ള മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദം ശക്തമായതോടെയാണ് പി ടി തോമസിനെയും പരിഗണിക്കുന്നത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് കമല്‍നാഥും ചിദംബരവും അടക്കമുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.
Story Highlights: congress, v m sudheeran, p j kurian
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here