Advertisement

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍

May 21, 2021
Google News 1 minute Read
covid deaths kerala

കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരുംദിവസങ്ങളില്‍ കേരളത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തില്‍ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തത്ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നത്.

ഇന്ന് രേഖപ്പെടുത്തുന്ന മരണങ്ങളില്‍ ഭൂരിഭാഗത്തിനും കാരണമായ രാഗബാധയുണ്ടായിരിക്കുന്നത് 2 മുതല്‍ 6 ആഴ്ച വരെ മുന്‍പായിരിക്കാം. അത്രയും ദിവസങ്ങള്‍ മുന്‍പ് രോഗബാധിതരായവരില്‍ പലര്‍ക്കും രോഗം ശക്തമാവുകയും ഓക്‌സിജനും വെന്റിലേറ്ററുകളുമൊക്കെ കൂടുതലായി ആവശ്യം വരികയും ചെയ്യുക ഈ ദിവസങ്ങളിലായിരിക്കും.

അതിനാല്‍ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ ലഭ്യത, ഐസിയു കിടക്കകള്‍ എന്നിവയെല്ലാം ഉണ്ടെന്ന് ഓരോ ജില്ലാ കലക്ടര്‍മാരുടേയും നേതൃത്വത്തില്‍ അടിയന്തരമായി ഉറപ്പിക്കേണ്ടതാണ് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്‍പിലുള്ളത് എന്ന് ഓര്‍മിക്കണമെന്നും മുഖ്യമന്ത്രി.

രാജ്യത്തെ ഒരു ദിവസത്തെ കൊവിഡ് കേസുകള്‍ എകദേശം രണ്ടര ലക്ഷമാണ്. മരണസംഖ്യ 3700ന് അടുത്തായിരിക്കുന്നു. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

കര്‍ണാടകയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 28,869 കേസുകളും 548 മരണങ്ങളുമാണ്. മഹാരാഷ്ട്രയില്‍ 29,911 കേസുകളും 738 മരണങ്ങളും തമിഴ്‌നാനാട്ടില്‍ 35,579 കേസുകളും 397 മരണങ്ങളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇങ്ങനെയുള്ള സ്ഥിതി ഉണ്ടാവാതിരിക്കാനാണ് കേരളം തുടക്കം മുതല്‍ ശ്രമിക്കുന്നത്. രോഗവ്യാപനത്തിന്റെ വേഗത കുറച്ചുനിര്‍ത്താന്‍ സാധിക്കുന്നതിനാലാണ് മരണസംഖ്യ കുറയുന്നത്. അതുകൊണ്ട് മറ്റു സ്ഥലങ്ങളില്‍ രോഗം പെട്ടെന്നുതന്നെ കുത്തനെ കൂടുകയും തുടര്‍ന്നു കുറയുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ ആ പ്രക്രിയ സാവകാശമാണ് സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി.

Story Highlights: covid 19, coronavirus, kerala, covid death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here