ടെസ്റ്റ് പരമ്പര വെട്ടിച്ചുരുക്കാൻ ബിസിസിഐ ആവശ്യപ്പെട്ടിട്ടില്ല; ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ടെസ്റ്റ് പരമ്പര വെട്ടിച്ചുരുക്കാൻ ബിസിസിഐ ആവശ്യപ്പെട്ടു എന്ന റിപ്പോർട്ടുകൾ തള്ളി ഇംഗ്ലൻ്റ് ക്രിക്കറ്റ് ബോർഡ്. കൊവിഡ് കാല ക്രിക്കറ്റിനെപ്പറ്റിയാണ് ബിസിസിഐയുമായി സംസാരിച്ചതെന്നും ടെസ്റ്റ് പരമ്പര ചുരുക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇസിബി വക്താവ് പറഞ്ഞതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. ഐപിഎൽ വിൻഡോയ്ക്കായി ടെസ്റ്റ് പരമ്പര ചുരുക്കാൻ ബിസിസിഐ ആവശ്യപ്പെട്ടു എന്നായിരുന്നു റിപ്പോർട്ട്.
“വ്യത്യസ്ത വിഷയങ്ങളിൽ ഞങ്ങൾ ബിസിസിഐയുമായി സംസാരിച്ചു. കൊവിഡ് കാലത്തെ ബുദ്ധിമുട്ടുകളാണ് പ്രധാനമായും സംസാരിച്ചത്. പക്ഷേ, ടെസ്റ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക ചർച്ചകൾ ഉണ്ടായില്ല. നേരത്തെ തീരുമാനിച്ചിരുന്നതുപോലെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നടക്കും.”- ഇസിബി വക്താവ് പറഞ്ഞതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു ശേഷം കളിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ബിസിസിഐ വെട്ടിച്ചുരുക്കാനൊരുങ്ങുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ. സെപ്തംബറിൽ നടക്കുന്ന ടി-20 ലോകകപ്പിനു മുൻപ് ഐപിഎൽ പൂർത്തിയാക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ടെസ്റ്റ് പരമ്പര വെട്ടിച്ചുരുക്കിയാൽ ഈ സമയത്തിനുള്ളിൽ ഐപിഎൽ പൂർത്തിയാക്കാൻ കഴിയും എന്നും റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നു.
വരുന്ന സീസണിൽ പുതിയ രണ്ട് ഐപിഎൽ ടീമുകളെ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് ബിസിസിഐ താത്കാലിക ബ്രേക്കിട്ടിരുന്നു. പുതിയ ടീമുകളെ അവതരിപ്പിക്കാൻ പറ്റിയ സമയം ഇതല്ലെന്നും നിലവിൽ നിർത്തിവച്ചിരിക്കുന്ന സീസണിൻ്റെ ഭാവി പരിഗണിച്ച് മാത്രമേ തീരുമാനം എടുക്കൂ എന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Story Highlights: ECB denies reports of BCCI asking to tweak schedule for the Test series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here