Advertisement

ഇന്ത്യയിൽ മരങ്ങൾ മുറിക്കുന്നത് നിരോധിക്കാൻ കാരണം ഈ മനുഷ്യൻ; വിടവാങ്ങിയത് പരിസ്ഥിതിയുടെ കാവലാൾ

May 21, 2021
1 minute Read

ചിപ്കോ മൂവ്മെന്റ് ഈ ഒരൊറ്റ സംഭവം മതി സുന്ദർലാൽ ബഹു​ഗുണ എന്ന പരിസ്ഥിതി സ്നേഹിയെ ഇന്ത്യയ്ക്ക് ഓർമിക്കാൻ. എന്നാൽ അതിൽ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ പ്രവർത്തനം. ഇന്ത്യയിൽ മരങ്ങൾ മുറിക്കുന്നത് നിരോധനമേർപ്പെടുത്താൻ കാരണക്കാരൻ, ടെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ നേതാവ്, ഹിമാലയത്തിന്റെ കാവലാൾ തുടങ്ങി വിശേഷണങ്ങൾ ഏറെയാണ്.

ടെഹ്‌രിക്കടുത്തുള്ള മരോഡ ഗ്രാമത്തിലാണ് സുന്ദർലാൽ ബഹുഗുണ ജനിച്ചത്. മഹാത്മാഗാന്ധിയുടെ തത്വങ്ങളായ അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും അനുയായിയായ അദ്ദേഹം ഹിമാലയത്തിലെ വനസംരക്ഷണത്തിനായി പോരാടി, 1970 കളിലെ അറിയപ്പെടുന്ന ചിപ്പ്കോ പ്രസ്ഥാനത്തിൽ അംഗമായി. 1980 കളുടെ തുടക്കത്തിൽ ഹിമാലയത്തിലൂടെ 5,000 കിലോമീറ്റർ സഞ്ചരിച്ച് ബാഹുഗുണ ചിപ്കോ പ്രസ്ഥാനത്തെ കൂടുതൽ ജനപ്രിയമാക്കി. മേഖലയിലെ നൂറുകണക്കിന് ഗ്രാമങ്ങൾ സന്ദർശിച്ച് അവബോധം വ്യാപിപ്പിക്കാനും പിന്തുണ ശേഖരിക്കാനും അദ്ദേഹം ശ്രമിച്ചു.

പിന്നീട് 2004 ന്റെ ആരംഭം വരെ അദ്ദേഹം ടെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. തുടർന്ന് ഖനനം, വനനശീകരണം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങൾ അദ്ദേഹം ഏറ്റെടുത്തു. 2009 ജനുവരി 26 ന് ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ അദ്ദേഹത്തിന് ലഭിച്ചു.

ഹിമാലയത്തിന്റെ കാവൽക്കാരനായാണ് ബഹുഗുണ സ്വയം കണക്കാക്കിയിരുന്നത്. 1981 ൽ, വൃക്ഷങ്ങൾ വെട്ടിമാറ്റിയതിന്റെ പേരിൽ പദ്മശ്രീ സ്വീകരിക്കാൻ ബാഹുഗുണ വിസമ്മതിച്ചിരുന്നു, അദ്ദേഹം പദ്മശ്രീ നിരസിച്ചതിന് ശേഷമാണ് പച്ച മരങ്ങൾ വെട്ടിമാറ്റുന്നത് സർക്കാർ നിരോധിച്ചത്.

ഹിമാലയത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ എല്ലാ ഹിമാലയൻ സംസ്ഥാനങ്ങളും ഒന്നിച്ച് നിന്ന് പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഹിമാലയത്തിന്റെ സംരക്ഷണ പോരാട്ടത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് ഹിമാലയ താഴ്വരയിലെ ജനങ്ങളായിരുന്നു. അതിലൊരാളായിരുന്നു ബഹുഗുണയും. ഭഗീരതിയുടെ തീരത്തുള്ള തന്റെ കുടിലിൽ നിന്ന് അണക്കെട്ടിനെതിരെ 19 വർഷം നീണ്ട പോരാട്ടം നടത്തിയ ഹിമാലയത്തിൻറെ കാവൽ മാലാഖ ആയിരുന്നു അദ്ദേഹം.

ഹിമാലയത്തിൻറെ സുരക്ഷ മുഴുവൻ രാജ്യത്തെയും ഗുണം ചെയ്യുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹത്തിൻറെ പ്രസിദ്ധമായ 5 എഫ്. ഫോർമുലയാണ് – ഫുഡ് (ഭക്ഷണം), ഫോഡർ (കാലിത്തീറ്റ), ഫെർട്ടിലൈസർ (വളം), ഫ്യുവൽ (ഇന്ധനം) എന്നത്, ഇതിന് വേണ്ടിയാവണം നമ്മൾ വൃക്ഷങ്ങൾ നടേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ജനങ്ങളുടെ ക്ഷേമവും അവരുടെ പരിസ്ഥിതിയും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഈ അത്ഭുത മനുഷ്യനെക്കുറിച്ച് ഉത്തരാഖണ്ഡ് ഇന്നും അഭിമാനിക്കുന്നു.

“ഒഴുക്കിനെതിരെ നീന്തുന്നവൻ എന്നും ഒറ്റക്കായിരിക്കും. പരിഹാസം, അവഗണന, ഒറ്റപ്പെടൽ, അപമാനം ഈ നാല് കാര്യങ്ങൾ എന്നെ പോലെയുള്ളവർക്ക് ലഭിക്കുക. പക്ഷേ ഞങ്ങളുമായി സഹകരിക്കുന്നവരും ഇവിടെ ഉണ്ട്” – സുന്ദർലാൽ ബഹുഗുണ പറഞ്ഞ വാക്കുകൾ ആണിത്.

സുന്ദർലാൽ ബഹു​ഗുണ വിടവാങ്ങുമ്പോൾ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത് നമ്മുടെ പരിസ്ഥിതിയെന്ന ജീവശ്വാസത്തിന്റെ കാവൽഭടനെയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top